അതിരപ്പിള്ളി: ചിക്ലായിൽ പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിനോദയാത്രാ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. കോയന്പത്തൂർ സുളൂരിൽനിന്നു എന്നിയ സംഘത്തിലെ കലക്കൽ ശ്രീനിവാസ് നഗറിൽ അശോക് (37) ആണു മരിച്ചത്. ഇവർ താമസിച്ച ഹോട്ടലിനു സമീപത്തുള്ള പുഴയിൽ കുളിക്കാനിറങ്ങുന്പോഴാണ് അപകടം.
വെള്ളത്തിൽ മുങ്ങിയ അശോകിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവർ അതിരപ്പിള്ളി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. സ്കൂബാ അംഗങ്ങളും സിവിൽ ഡിഫെൻസ് അംഗം ഡേവിസും ചേർന്നു നടത്തിയ തെരച്ചിലിൽ 15 അടിയോളം ആഴത്തിൽനിന്നു മൃതദേഹം കണ്ടെത്തി.
പുഴയുടെ അടിത്തട്ടിലെ മരങ്ങളിലാണു മൃതദേഹം തങ്ങിനിന്നത്. സ്റ്റേഷൻ ഓഫീസർ കെ. ഹർഷയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസ്, സേനാംഗങ്ങളായ ആർ.എം. നിമേഷ്, വി.എസ്. സുധൻ, എസ്.ആർ. സാജൻ രാജ്, പി.എം. മനു, പി.കെ. അജിത്കുമാർ എന്നിവരും തെരച്ചിലിൽ പങ്കെടുത്തു.
പുഴയില്‍ കുളിക്കാനിറങ്ങിയ സുളൂര്‍ സ്വദേശി മുങ്ങിമരിച്ചു
11:26 PM Jun 10, 2023 | Deepika.com