ചാവക്കാട്: പൊതുജനങ്ങൾക്ക് ഭീഷണിയായി ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മൂന്നു കടന്നൽക്കൂടുകൾ. കെട്ടിടത്തിന്റെ മുൻ ഭാഗത്തായി മുകളിലത്തെ നിലയിലുള്ള കടന്നൽക്കൂടാണു ജനങ്ങൾക്ക് ഏറ്റവും ഭീഷണിയായിട്ടുള്ളത്.
ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന സിവിൽ സ്റ്റേഷന്റെ മുൻവശത്തു തന്നെ കടന്നൽക്കൂട് എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷന് മുന്നിലൂള്ള ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്കും കടന്നൽകൂട് ഭീഷണിയാണ്. ഈ കൂടിന് പുറമെ കെട്ടിടത്തിന്റെ കിഴക്കുഭാഗത്ത് കനോലികനാലിനോടു ചേർന്ന ഭാഗത്തും രണ്ട് കടന്നൽകൂടുകളുണ്ട്.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. കടന്നൽകൂടുകളുടെ കാര്യം സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ചുമതലയുള്ള താലൂക് ഓഫീസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കടന്നൽക്കൂടുകൾ ഭീഷണിയായി
12:52 AM Jun 10, 2023 | Deepika.com