ആക്കപ്പറന്പ് അക്രമം: വനിതയടക്കം ഒന്‍പതുപേർകൂടി അറസ്റ്റിൽ
12:48 AM Jun 10, 2023 | Deepika.com
തിരുവില്വാമല: ആക്കപ്പറന്പ് മാരിയമ്മൻ പൂജ ഉത്സവത്തോടനുബന്ധിച്ച് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒന്‍പതുപേർകൂടി അറസ്റ്റിൽ. ഇവരെ കോടതിയിൽ ഹാജരാക്കി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പോലീസിൽ കീഴടങ്ങിയ ആക്കപ്പറന്പ് സ്വദേശികളായ വിമൽരാജ് (25), എം. വിഷ്ണു (26), എം. മനീഷ് (25), ആർ. അജീഷ് കുമാർ (26), എ.കെ. സരണ്‍ (28), പി.എസ്. നമിത (23), വി. കൃഷ്ണൻകുട്ടി (57), എസ്. അജേഷ് (33), ജി. അജീഷ് (30) എന്നിവരെയാണ് എസ്ഐ അനിൽകുമാർ അറസ്റ്റ് ചെയ്തത്. അർധരാത്രി എസ്ഐ പി.ബി. ബിന്ദുലാൽ അടക്കമുള്ള പഴയന്നൂർ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുൾമുനയിൽ നിർത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായിരുന്നു. കേസിൽ മൂന്നുപേർകൂടി പിടിയിലാകാനുണ്ട്.