കോട്ടപ്പുറം: കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്കു കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും നാളെ നടക്കും. കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ തയാറാക്കിയ പന്തലിൽ വൈകിട്ടു 3.30ന് വലിയ പന്തലിൽ വൈകിട്ടു 3.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യ കാർമികത്വം വഹിക്കും.
വരാപ്പുഴ ആർച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖ സന്ദേശം നൽകും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും. കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ, കെസിബിസി ജനറൽ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ മുഖ്യ സഹകാർമികരാകും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ കോട്ടപ്പുറം രൂപത ബുള്ളറ്റിൻ ദിദിമോസിന്റെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും.
യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാൻ എംപി ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയെയും ഹൈബി ഈഡൻ എംപി കോട്ടപ്പുറം രൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ് ഡോ. അലക്സ് വടക്കുംതലയെയും ആദരിക്കും.
ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മറുപടി പ്രസംഗം നടത്തും. എംഎൽഎമാരായ വി.ആർ സുനിൽകുമാർ, ഇ.ടി. ടൈസൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സണ്‍ ടി.കെ. ഗീത, യാത്രയയപ്പ് പരിപാടികളുടെ ജനറൽ കണ്‍വീനർ മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ, വൈദിക പ്രതിനിധി റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സന്യസ്തരുടെ പ്രതിനിധി സിസ്റ്റർ അഖില റോസ് സിടിസി, അല്മായ പ്രതിനിധി കെസിസി സെക്രട്ടറി ജെസ്സി ജെയിംസ് കൗണ്‍സിലർമാരായ വി.എം. ജോണി, എൽസി പോൾ , കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവൻ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം എന്ന ചവിട്ടു നാടകവും അരങ്ങേറും. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി സന്യസ്തരും അല്മായരുമടക്കം ആയിരങ്ങൾ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കണ്‍വീനർ മോണ്‍. ഡോ. ആന്റണി കുരിശിങ്കൽ അറിയിച്ചു.
ബിഷപ് ഡോ. കാരിക്കശേരിക്ക് യാത്രയയപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി
12:48 AM Jun 10, 2023 | Deepika.com