പീച്ചി ഡാം റോഡിൽ വെള്ളക്കെട്ട്
12:48 AM Jun 10, 2023 | Deepika.com
കണ്ണാറ: കനത്ത മഴയിൽ പീച്ചി ഡാം റോഡിന്റെ ഭാഗങ്ങൾ വെള്ളക്കെട്ടിൽ. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ഒരപ്പൻപാറയ്ക്കു സമീപം കലുങ്ക് നിർമാണം നടക്കുന്നിടത്താണു വെള്ളക്കെട്ടു രൂക്ഷം. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെട്ടെന്നു നാട്ടുകാർ പറഞ്ഞു. മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണു ഫെബ്രുവരിയിൽ ഒരപ്പൻ പാറയിൽ കലുങ്കിന്റെ നിർമാണം ആരംഭിച്ചത്. നാലുമാസമായിട്ടും പണികൾ പൂർത്തിയാക്കാൻ നിർമാണക്കന്പനിക്കു കഴിഞ്ഞിട്ടില്ല. റോഡിന്റെ ഒരു ഭാഗം മാത്രം സഞ്ചാരയോഗ്യമാക്കി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ആഴ്ചകളായി. വാരിയത്തു പടിയിലാണിപ്പോൾ കാനകളുടെ നിർമാണം നടക്കുന്നത്. കഴിഞ്ഞദിവസം ആൽപ്പാറയിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. റോഡിന്റെ ഒരു ഭാഗം മാത്രം ടാറിങ് നടത്തി മഴവെള്ളം ഒഴുകിപ്പോകുന്നതിനു തടസമുണ്ടായതാണു വെള്ളക്കെട്ടിനു കാരണം.