മേലൂർ: കനത്ത കാറ്റിൽ വീടിനു മുകളിൽ മരംവീണു. കുറുപ്പം കൈലാത്തു കെ.എസ്. ബിന്ദുവിന്റെ വീടിനു മുകളിലേക്കാണു കാറ്റിൽ ഇടതുകര കനാൽ ബണ്ടിൽ നിന്നിരുന്ന മരം വീണത്. വൈദ്യുതി കന്പിയിൽതട്ടി നിന്നതിനാൽ വലിയ കേടുപാടുണ്ടായില്ല. മേലൂർ സെക്ഷൻ കഐസ്ഇബി ജീവനക്കാരെത്തി മരം നീക്കം ചെയ്തു. മുന്പു രണ്ടുവട്ടം മരം വീണെന്നു വീട്ടുകാർ പറഞ്ഞു.
കാലവർഷത്തിനുമുന്പുതന്നെ മരങ്ങൾ മുറിക്കണമെന്നു പഞ്ചായത്ത് അധികൃതർ നാട്ടുകാർക്കു നിർദേശം നൽകിയിട്ടുണ്ടെങ്കിലും ജനങ്ങൾക്കു മാത്രമുള്ള നിയമമാണോയെന്നാണു നാട്ടുകാർ ചോദിക്കുന്നത്. അപകടാവസ്ഥിലുള്ള മരങ്ങൾ മുറിക്കണമെന്നും മറിച്ചുണ്ടാകുന്ന അപകടങ്ങൾക്കു മരങ്ങളുടെ ഉടമസ്ഥൻ ഉത്തരവാദിയാണെന്നുമാണ് മുന്നറിയിപ്പ്.
എന്നാൽ, ഇറിഗേഷൻ വകുപ്പിന്റെ കനാൽ ബണ്ടിൽ നിൽക്കുന്ന മരങ്ങളുടെ വേരു പുറത്തുവന്ന് അപകടാവസ്ഥയിലായിട്ടും അധികൃതർ ഇവ നീക്കം ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. കനാൽ ബണ്ടിന്റെ ഓരങ്ങളിൽ നിരവധി മരങ്ങളാണ് അപകട സാധ്യതായി നിൽക്കുന്നത്. അധികൃതർ അടിയന്തരമായി പ്രശ്ന പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
കനത്ത കാറ്റ്: വീടിനു മുകളിൽ മരംവീണു
12:43 AM Jun 09, 2023 | Deepika.com