ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചങ്ങാടി വളവുമുതൽ 65 മീറ്റർ സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിൽ അടിയന്തരമായി കടൽഭിത്തി നിർമിക്കുമെന്ന് എൻ.കെ. അക്ബർ എംഎൽഎ. മൂന്ന് ദിവസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി പത്തു ദിവസത്തിനുള്ളിൽ നിർമാണം തുടങ്ങുമെന്ന് എംഎൽഎ പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് എൻജിനീയർ എന്നിവരുമായി തിരുവനന്തപുരത്തു ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
കടൽ ഭിത്തി നിർമിക്കാനുള്ള കരിങ്കൽ ലഭ്യമാക്കാൻ നടപടിയെടുക്കാനും കടൽക്ഷോഭ പ്രദേശത്തു കുടിവെള്ളമെത്തിക്കാനും നടപടിയെടുക്കണമെന്നു കലക്ടർക്കു നിർദേശം നൽകി. കടലാക്രമണം തടയാൻ തയാറാക്കിയ 60 കോടി രൂപയുടെ ദീർഘകാല പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും എംഎൽഎ പറഞ്ഞു.
പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മോഹനൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ഹരീഷ്, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സരിൻ, പിഡബ്ല്യുഡി അസി. എക്സി. എൻജിനീയർ മാലിനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കടലാക്രമണം: അടിയന്തരമായി കടൽഭിത്തി നിർമിക്കും
12:39 AM Jun 09, 2023 | Deepika.com