കൊടുങ്ങല്ലൂർ: പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റിനെ നിയമിച്ചതിൽ കൊടുങ്ങല്ലൂർ - കയ്പമംഗലം നിയോജക മണ്ഡലത്തിലെ എ ഗ്രൂപ്പിനുള്ളിൽ പ്രതിഷേധം. മുതിർന്ന നേതാക്കൾ യോഗം ചേർന്നു പ്രതിഷേധിച്ചു. നേരത്തെ ബ്ലോക്ക് പ്രസിസൻറായിരുന്ന പ്രഫ: സി.ജി. ചെന്താമരാക്ഷൻ രാജിവച്ചതിനെ തുടർന്ന് നാലുമാസം മുന്പ് ബ്ലോക്ക് പ്രസിഡന്റായി നിയമിച്ച പി.യു. സുരേഷ് കുമാറിനെ വിശദീകരണം പോലുമില്ലാതെ മാറ്റി പുതിയ ബ്ലോക്ക് പ്രസിഡന്റിനെ നിയമിച്ച നടപടിയെയാണ് എ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്. സംഘടനാ തീരുമാനങ്ങൾ ഉൾപ്പടെ വൻ വിജയമാക്കി പാർട്ടിയെ നയിക്കുന്പോഴാണു സുരേഷ് കുമാറിനെ പിന്നിൽനിന്നു കുത്തിയതെന്നു നേതാക്കൾ ആരോപിച്ചു.
1993 മുതൽ കൊടുങ്ങല്ലൂരിലെ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം ഉമ്മൻ ചാണ്ടി വിഭാഗമായ എ ഗ്രൂപ്പിനായിരുന്നു. എന്നാൽ ഐ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഒരാളെ നിയമിച്ചതോടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മാള അടക്കമുള്ള രണ്ട് ബ്ലോക്കും ഐ പക്ഷത്തിനായി മാറി.
ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ച് പാർട്ടിയിലെ ഐക്യം തകർത്ത് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ച് പാർട്ടിയെ ശിഥിലമാക്കാനുള്ള ഐ ഗ്രൂപ്പ് ശ്രമത്തെ ചോദ്യം ചെയ്യാനും നടപടി പുനഃപരിശോധിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുവാനും എ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡന്റ് നിയമനം: എ ഗ്രൂപ്പിൽ പ്രതിഷേധം
01:14 AM Jun 08, 2023 | Deepika.com