തിരുവില്വാമല: പഞ്ചവാദ്യ വേദികളിൽ ഇലത്താളത്തിൽ വിസ്മയം തീർക്കുന്ന കലാകാരൻ തിരുവില്വാമല അപ്പുക്കുട്ടൻ ഷഷ്ടിപൂർത്തി നിറവിൽ. ശ്രീവില്വാദ്രിനാഥക്ഷേത്രം അന്നദാന മണ്ഡപത്തിൽ ഞായറാഴ്ച അനുസ്യൂതം എന്നപേരിൽ ജന്മദിനാഘോഷം നടക്കും.
ഡോ. കെ. സുന്ദർ മേനോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ. ജയപ്രകാശ് കുമാർ, തിരുവില്വാമല ഹരി, രാമുമല വട്ടം, കെ. ആനന്ദൻ, ശങ്കർ, ബാബു പരശുറാം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യം, ഉത്രാളിക്കാവ് പൂരം, നെന്മാറ വേല, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങി കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം അപ്പുക്കുട്ടന്റെ ഇലത്താളവാദനം ശ്രദ്ധേയമാണ്.
1963 മേയ് 31ന് ചേർപ്പ് പിഷാരത്ത് രാമ പിഷാരടിയുടെയും രായില്ലിയിൽ അമ്മിണിയുടെ മകനായിട്ടാണു ജനനം.
മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ ഇലത്താള നിരയിൽ ഇപ്പോൾ ഉപനായകനായ അപ്പുക്കുട്ടനെ തിരുവന്പാടി ദേവസ്വം സുവർണമുദ്ര നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ ജയന്തി.
ഷഷ്ടിപൂർത്തി നിറവിൽ തിരുവില്വാമല അപ്പുക്കുട്ടൻ
01:14 AM Jun 08, 2023 | Deepika.com