ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ 109-ാം ശ്രാദ്ധാഘോഷം ഇന്ന് നടക്കും. ശ്രാദ്ധ ദിനമായ ഇന്ന് രാവിലെ ആറിനു വിശുദ്ധ കുർബാന, 10 ന് അനുസ്മരണ ബലി, സന്ദേശം, കബറിടത്തിൽ ഒപ്പസ്, അന്നീദ എന്നീ ചടങ്ങുകൾക്ക് തൃശൂർ അതിരൂപതാ ചാൻസലർ റവ.ഡോ. ഡൊമിനിക് തലക്കോടൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വികാരി ഫാ.ജോയ് കൊള്ളന്നൂർ ശ്രാദ്ധ സദ്യ വെഞ്ചരിക്കും. ശ്രാദ്ധ സദ്യയിൽ 15000 പേർ പങ്കെടുക്കും. 7500 പേർക്കു പാഴ്സലും നൽകും. ചോറൂണ്, തുലാഭാരം വഴിപാടുകളും നടക്കും.
ശ്രാദ്ധാചരണത്തിന്റെ ഭാഗമായി വറതച്ചൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 15 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതികളാണു നടത്തുന്നത്. പള്ളിയുടെ സമീപ പ്രദേശത്തുള്ള ആറ് ആശുപത്രികളിൽ ഇന്ന് രോഗികളുടെ ഡയാലിസിസ് ചെലവ് പളളി നൽകും. ശ്രാദ്ധദിനാചരണത്തിന്റെ ഭാഗമായി കാർഷിക വിപണന മേള, അരി വിതരണം, ധനസഹായ വിതരണം എന്നിവയും നടന്നു.
വറതച്ചന്റെ കബറിടത്തിൽ വണങ്ങുന്നതിനും ശ്രാദ്ധസദ്യയിൽ പങ്കെടുക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വികാരി ഫാ.ജോയ് കൊള്ളന്നൂർ, അസി.വികാരി ഫാ. ഗോഡ് വിൻ കിഴക്കൂടൻ, ജനറൽ കണ്‍വീനർ എൻ.എം. കൊച്ചപ്പൻ, എം.ജെ. സെബാസ്റ്റ്യൻ, ജിജോ ജോർജ്, ജോണ്‍ പോൾ പൊറത്തൂർ, ജോബ് സി. ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണു ചടങ്ങുകൾ നടക്കുന്നത്.
കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ വറതച്ചന്റെ ശ്രാദ്ധാഘോഷം ഇന്ന്
01:10 AM Jun 08, 2023 | Deepika.com