കൊറ്റംകുളം: പെരിഞ്ഞനത്ത് വീടു കുത്തിത്തുറന്നു മോഷണം. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കൊറ്റംകുളം സെന്ററിനു സമീപം മതിലകത്ത് വീട്ടിൽ അബ്ബാസിന്റെ വീട്ടിലാണു മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന അര പവനിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണു മോഷണം നടന്നത്. ഇന്നലെ വീട്ടുകാർ മകളുടെ വീട്ടിൽ പോയിരിക്കയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഇവരുടെ ബന്ധുവായ സ്ത്രീ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വരിയിട്ടിരിക്കുകയാണ്.
അർധരാത്രി പന്ത്രണ്ടോടെ മുഖംമറച്ചെത്തിയ മോഷ്ടാവ് വീട്ടിലേയ്ക്കു കയറുന്നതും രണ്ടരയോടെ തിരിച്ചു പോകുന്നതും വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണം
01:04 AM Jun 05, 2023 | Deepika.com