ഇരിങ്ങാലക്കുട: മൂന്നര പതിറ്റാണ്ടു മുമ്പ് നാടുവിട്ട ഷീബന്‍ അച്ഛനരികിലെത്തി. കരാഞ്ചിറ സെന്റ് സേവ്യേഴ് സ് ഹൈസ്കൂളിലെ 1990 ലെ എസ്എസ്എല്‍സി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകന് ഷീബനാണ് നാടുവിട്ട് 33 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിലായിരുന്നു നാടുവിടല്‍. 15 വയസായിരുന്നു അന്ന്.
മുംബൈയിലുളള അമ്മാവന്റെ കൂടെ ജോലി തേടി നാടുവിട്ട ഷീബന്‍ അമ്മാവനില്‍ നിന്നു വേര്‍പിരിഞ്ഞു മധ്യപ്രദേശിലേക്കുപോയി. അച്ഛനടക്കം കുടുംബത്തിലെ എല്ലാവരും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഒരുപാട് യാത്രകള്‍ക്കുശേഷം ഏറ്റവും അവസാനം മഹാരാഷ്ട്രയിലെത്തി താമസമാക്കി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു കമ്പനിയില്‍ വെല്‍ഡറായി ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് മഹാരാഷ്ട്ര സ്വദേശിനി സിമിയെ വിവാഹം കഴിച്ച് അവിടെ കൂടിയതോടെ നാടുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.
നാലുമാസം മുന്‍പ് സ്കൂള്‍ പഠനകാലത്തെ സുഹൃത്തിന് അയച്ച കത്താണ് ഷീബനെ കണ്ടെത്താന്‍ സഹപാഠികളെ സഹായിച്ചത്. കത്തില്‍ നിന്നു ലഭിച്ച നമ്പറില്‍ സുഹൃത്ത് ഷാജഹാന് നിരന്തരം ബന്ധപ്പെട്ടു. ഇതിനിടയില്‍ മക്കളുടെ പഠനസംബന്ധമായി ലിവിംഗ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണ് വീട്ടിലെ കാര്യങ്ങള്‍ ഓര്മ വന്നത്. വീട്ടിലേക്കും കത്തെഴുതി. കത്തു കിട്ടിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടുകയായിരുന്നു. അങ്ങനെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. അങ്ങനെ മകനുമായി നാട്ടില്‍ വന്നു.
കുടുംബാംഗങ്ങള്‍ ഷീബനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. മകനെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. ഇനിയും തിരിച്ചുവരുമെന്ന് വാക്കുനല്കി ഷീബന്‍ മഹാരാഷ്ട്രയിലേക്കു മടങ്ങി.
കത്ത് വഴിത്തിരിവായി; 33 വര്‍ഷംമുമ്പ് നാടുവിട്ട ഷീബന്‍ നാട്ടിലെത്തി
01:13 AM Jun 03, 2023 | Deepika.com