കാഞ്ഞാണി: എറവ് ആറാംകല്ലിൽ ഇന്നലെ രാവിലെ തെരുവു നായയുടെ കടിയേറ്റ് കേബിൾ ടിവി ഓപ്പറേറ്റർ അടക്കം രണ്ടുപേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം സമീപ വാസിയായ മറ്റൊരു സ്ത്രീക്കും തെരുവു നായയുടെ കടിയേറ്റിരുന്നു.
നായ്ക്കളുടെ ശല്യം വർധിച്ചതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് എറവ് മുനയം റോഡിൽവച്ച് കേബിൾ ടിവി ഒാപ്പറേറ്ററായ എറവ് പെരുമാടൻ റപ്പായിക്കു തെരുവു നായയുടെ കടിയേറ്റത്. പ്രദേശത്തെ വീട്ടിലേക്കു കേബിൾ കണക്ഷൻ നല്കാൻ വന്നതായിരുന്നു റപ്പായി. കേബിൾ അഴിക്കുന്നതിനിടെ അതുവഴി വന്ന തെരുവു നായ പ്രകോപനമില്ലാതെ റപ്പായിയെ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവേറ്റു. നാലു മുറിവുകളുണ്ട്.
ഇവിടെനിന്നും ഓടിപ്പോയ നായ ഒരു മണിക്കൂറിനുശേഷം സമീപത്തുള്ള ചുള്ളിപ്പറമ്പിൽ ജയൻ എന്നയാളെയും കടിച്ചു. ഇരുവരെയും നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയും എറവ് താണിപ്പറമ്പ് പ്രദേശത്ത് ഒരു യുവതിയെ തെരുവു നായ് കടിച്ചിരുന്നു.
തെരുവുനായ് കടിച്ച് രണ്ടുപേർക്കു പരിക്ക്
01:13 AM Jun 03, 2023 | Deepika.com