പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക്തല കെ-സ്റ്റോര്‍ ഉദ്ഘാടനം ഇന്നു രാവിലെ 10നു ചെന്നീര്‍ക്കര ഐടിഐക്ക് സമീപമുള്ള 49-ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും.
പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദസേവനങ്ങള് നല്കാന് ഉതകുംവിധം മാറ്റി എടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കേരളാ സ്റ്റോര്‍ (കെ-സ്റ്റോര്‍). ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി മാറും. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ തുടങ്ങിവര്‍ പങ്കെടുക്കും.
കലുങ്കല്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്
നെടുമ്പ്രം: ഗ്രാമപഞ്ചായത്ത് കലുങ്കല്‍ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഇന്നു 12.15ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും.
ശിശുസൗഹൃദവും കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനും ഉതകുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കല്ലുങ്കല്‍ ഓതറപറമ്പില്‍ ഒ.ജെ. വര്‍ഗീസ്, മറിയാമ്മ വര്‍ഗീസ് ദമ്പതികള്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്.
വര്‍ണക്കൂടാരം പ്രീ സ്കൂള്‍ ഉദ്ഘാടനം ഇന്ന്
ആറന്മുള: മാലക്കര ഗവ. എല്‍പി സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം ഇന്നു 2.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിക്കും.
കുട്ടികളുടെ സര്വോന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ് എല്‍പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗമായ വര്‍ണക്കൂടാരം ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ഹെഡ്മിസ്ട്രസ് എസ്. റീജാമോള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ. നിഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴഞ്ചേരി താലൂക്ക്തല കെ-സ്റ്റോര്‍ ഉദ്ഘാടനം ഇന്ന്
11:05 PM Jun 02, 2023 | Deepika.com