പത്തനംതിട്ട: ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ ജില്ലാ സംഗമം "ആശാതാരം' ഇന്നുരാവിലെ 10.30ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും.
പൊതുജനാരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധസേനയാണ് ആശാ പ്രവര്‍ത്തകര്‍. ജില്ലയില്‍ 920 വാര്‍ഡുകളിലായി 1000 പേര് ഗ്രാമപ്രദേശങ്ങളിലും 41 പേര് നഗര പ്രദേശങ്ങളിലും ആശാപ്രവര്‍ത്തകരായി സേവനം ചെയ്യുന്നു. മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ആശാപ്രവര്‍ത്തകര്‍ നടത്തുന്നത്.
ആശാപ്രവര്ത്തകരിലെ കലാസാംസ്കാരിക അഭിരുചികള്‍ക്കു പ്രാധാന്യം നല്കി സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ ജില്ലയിലെ 1041 ആശാപ്രവര്‍ത്തകര്‍ പങ്കെടുക്കും. യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍ തുടങ്ങിയവർ പ്രസംഗിക്കും.
കലാ മത്സരങ്ങളില്‍ വിജയികളാകുന്ന ആശാപ്രവര്‍ത്തകര്‍ക്കുള്ള സമ്മാനദാനം വൈകുന്നേരം 5.30ന് നടക്കും.
ആശാതാരം ജില്ലാ സംഗമം ഇന്ന്
11:05 PM Jun 02, 2023 | Deepika.com