ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി അന്പലനടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും ആറു കിലോ കഞ്ചാവു പിടികൂടി. ആന്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് (35) നെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവു സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇവിടെ എത്തിയത്. സ്ഥലത്തുനിന്നും ഏകദേശം ആറു ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണു പിടികൂടിയത്.
കൂടാതെ കഞ്ചാവു ചുരുട്ടി വലിക്കാനുപയോഗിക്കുന്ന 50 പാക്കറ്റ് ഒസി ബി പ്പേറുകളും കണ്ടെടുത്തു. ഇയാളുടെ കൂടെയുണ്ടായിരുന്ന വെസ്റ്റ് ബംഗാൾ മൂർഷിതാബാദ് സ്വദേശി മൊനീറുൾ ഇസ്ലാം ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്നും പോലിസ് പറഞ്ഞു. തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ് പി സി.ആർ. സന്തോഷിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ് നടത്തിയത്. എസ്ഐമാരായ ഷാജു എടത്താടൻ, കെ.ടി. ബെന്നി, സി.വി. ഡേവിസ്, എൻ.എസ്. റെജി, സിവിൽ പോലീസ് ഓഫീസർമാരായ എം. എക്സ്. ഷിജു, പി. ആർ.രജീഷ്, ടി. ടി. ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പടിഞ്ഞാറെ ചാലക്കുടിയിൽനിന്ന് ആറു കിലോ കഞ്ചാവു പിടികൂടി
01:13 AM Jun 01, 2023 | Deepika.com