തൃശൂര്‍: കഥകളിയരങ്ങിലെ നിത്യവസന്തം കലാമണ്ഡലം ഗോപിയാശാനും ഇലഞ്ഞിത്തറയ്ക്കു മുന്നില്‍ നിറഞ്ഞ പുരുഷാരത്തെ മേളപ്പെരുക്കം കൊണ്ടു വിസ്മയിപ്പിച്ച കിഴക്കൂട്ട് അനിയന്‍മാരാര്‍ക്കും ഇന്നലെ പിറന്നാളാഘോഷത്തിന്റെ നിറവ്. വലിയ പരിപാടികള്‍ ഒന്നുമില്ലാതെ വീട്ടുകാരുമൊത്തായിരുന്നു 86-ാം പിറന്നാളാഘോഷം. പതിവുപോലെ കഥകളി അവതരണം ഉണ്ടായിരുന്നു. ഗുരുകൃപ കലാക്ഷേത്രത്തിൽ വൈകിട്ട് ആറിനായിരുന്നു കുചേലവൃത്തം കഥകളി.
വേഷമിട്ടില്ലെങ്കിലും കഥകളി കാണാന്‍ ഗോപിയാശാനുമെത്തി.കിഴക്കൂട്ട് അനിയന്‍മാരാരും ഇടവമാസത്തിലെ അത്തം നക്ഷത്രത്തിലാണ് ജനിച്ചത്. എഴുപത്തിയേഴാം പിറന്നാളാണ് അനിയന്മാരാര് ആഘോഷിച്ചത്.
അനുഗ്രഹപ്രഭാഷണങ്ങളും അനുമോദന പ്രസംഗങ്ങളും അനുഭവസാക്ഷ്യങ്ങളുമടങ്ങിയ ആദരസമ്മേളനത്തിനു ശേഷം ക്ഷേത്രനടപ്പുരയില്‍ അനിയന്മാരുടെ തായമ്പകയുമുണ്ടായി. നടൻ മോഹൻലാൽ ഫോണിലൂടെ ഗോപിയാശാനു ആശംസയർപ്പിച്ചു.
സ്വന്തം ലേഖകന്‍
പിറന്നാൾ ആഘോഷിച്ച് ഗോപിയാശാനും കിഴക്കൂട്ടും
07:51 AM May 31, 2023 | Deepika.com