തൃശൂര്‍: ഹയർ സെക്കൻഡറി പരീക്ഷ വിജയശതമാനത്തിൽ കഴിഞ്ഞ വർഷം നഷ്ടമായ നാലാംസ്ഥാനം തിരിച്ചുപിടിച്ച് തൃശൂർ ജില്ല. ഇക്കുറി 85.05 ആണു വിജയശതമാനം.
കഴിഞ്ഞ വർഷത്തെ വിജയത്തിൽ (85.49) നിന്ന് 0.44 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും സംസ്ഥാനതലത്തിൽ നാലാം സ്ഥാനം തിരിച്ചുപിടിക്കാനായി. 2020, 21 വർഷങ്ങളിലെ നാലാം സ്ഥാനത്തുനിന്ന് കഴിഞ്ഞവർഷം ജില്ല ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. ഉന്നത പഠനത്തിനു യോഗ്യത നേടിയവരും മുഴുവൻ വിഷയത്തിൽ എപ്ലസ് നേടിയവരും ഇക്കുറി കൂടുതലാണ്. ഏഴ് വിദ്യാർഥികൾ 1200ല്‍ 1200 മാര്‍ക്ക് വാങ്ങി മികച്ച വിജയം വരിച്ചു.
196 സ്കൂളുകളിൽനിന്നായി പരീക്ഷ എഴുതിയ 32,575 വിദ്യാര്‍ഥികളില്‍ 27,704 പേര് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. കഴിഞ്ഞ വർഷം 26,991 പേരാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെക്കാൾ 713 പേർ ഉന്നത വിദ്യാഭ്യാസത്തിന് ഇക്കുറി അർഹരായി. മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയവര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 423 പേര് കൂടുതലാണ്. 3,351 കുട്ടികൾക്കു മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കാനായി.
ഓപ്പണ്‍ സ്കൂളിൽ വിജയ ശതമാനം ഇക്കുറി കൂടി. 49.37 ശതമാനമാണു വിജയം. കഴിഞ്ഞ വര്‍ഷം 44.33 ശതമാനമായിരുന്നു. 5.04 ശതമാനം കൂടുതലാണ് ഇത്തവണ. പരീക്ഷ എഴുതിയ 2,074 വിദ്യാര്‍ഥികളില്‍ 1024 പേരാണ് ഉന്നത പഠന യോഗ്യത നേടിയത്. 22 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ് ലഭിച്ചു. ടെക്നിക്കല്‍ സ്കൂളുകളില്‍ 75 ശതമാനമാണു വിജയം. കഴിഞ്ഞ വർഷം 65 ആയിരുന്നു. പരീക്ഷയഴുതിയ 44 പേരില്‍ 33 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഒരാൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിഎച്ച്എസ്ഇ പരീക്ഷയില്‍ പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി 81.42 ആണു വിജയശതമാനം. കഴിഞ്ഞ വർഷം 82.18 ആയിരുന്നു. പരിക്ഷ എഴുതിയ 2627 പേരിൽ 2139 വിദ്യാർഥികള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി.
20 പേര് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ബധിര മൂക വിദ്യായലങ്ങളിലെ കുട്ടികൾക്കായി നടത്തിയ പ്രത്യേക പരീക്ഷയിൽ കുന്നംകുളം ഗവ. ബധിര വിഎച്ച്എസ്എസ് നൂറുമേനി നേടി. കലാമണ്ഡലത്തിൽ പരീക്ഷ എഴുതിയ 64 പേരിൽ 57 കുട്ടികൾ ഉന്നത പഠനത്തിനു യോഗ്യത നേടി. 89.06 ശതമാനമാണു വിജയം. ഹയർ സെക്കൻഡറിയിൽ 15 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.
ഹയർസെക്കൻഡറി പരീക്ഷ: ജില്ലയ്ക്ക് തിളക്കമുള്ള വിജയം
12:45 AM May 26, 2023 | Deepika.com