ഗുരുവായൂർ: രഹസ്യമായി ഗുരുവായൂരിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ടു പേരെ ലഹരിവസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് മേത്തി വീട്ടിൽ ഷെജീർ(31), ചാവക്കാട് തിരുവത്ര കേരന്റകത്ത് നബീൽ(33) എന്നിവരെയാണ് ഗുരുവായൂർ എസ്ഐ ഐ.എസ്. ബാലച്ന്ദ്രൻ അറസ്റ്റു ചെയ്തത്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിനു പിന്നിലുള്ള ഫ്ളാറ്റിൽ നിന്നാണ് രണ്ടുപേരും പിടിയിലായത്. മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 2.78 ഗ്രാം എംഡിഎംഎ, 2.47 ഗ്രാം ഹാഷിഷ് ഓയിൽ, 1.85 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെത്തി.
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പ നിയമപ്രകാരം നാടുകടത്തിയ ഷെജീർ, ഗുരുവായൂരിലുള്ള ഫ്ലാറ്റിലുണ്ടെന്ന് രഹസ്യവിവരം പോലീസിനുലഭിച്ചു. ചാവക്കാട് എസ്ഐ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ംഘമാണ് ഇവരെ പിടികൂടിയത്. ഇയാൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ കെ. ഗിരി, സി. ജിജോ ജോണ് തുടങ്ങിയവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
12:46 AM May 25, 2023 | Deepika.com