പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയുടെ ഭാഗമായി ചൊവ്വാഴ്ച കൊട്ടിയകംകൊള്ളൽ നടന്നു. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും കൂറ എഴുന്നള്ളിച്ചു കൊണ്ടുവന്ന് കൊട്ടേക്കാട്ടുകാവിലെ തിരുവാഭരണ പേടകത്തിൽ വച്ചു. വൈകുന്നേരം ദേശത്തെ തെക്ക് - വടക്ക് മൂലകളിൽ നിന്നും ശ്രീകുറുന്പഭഗവതിയെ ആവാഹിച്ച് വാദ്യഘോഷങ്ങളുടെ അന്പടിയോടെ ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽ എത്തിച്ചേർന്ന് അവിടെ നിന്നും ദേശക്കാരുടെ അകന്പടിയോടെ കൊട്ടേക്കാട്ടുകാവിലെത്തി കൊട്ടിയകം കൊള്ളൽ നടന്നു. തുടർന്ന് വൈകുന്നേരം വിളക്ക്വെപ്പ്, ദീപാരാധന, ഗുരുപൂജ, രാത്രി കളമെഴുത്ത്, കളംപൂജ എന്നിവ നടന്നു.
സാംസ്കാരിക പരിപാടികളിൽ തിരുവാതിരക്കളി, മാളവിക എച്ച് വാര്യർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, തിരുവില്വാമല വില്വാദ്രി നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തം എന്നിവ നടന്നു. മേയ് 28 നാണ് ക്ഷേത്രത്തിലെ താലപ്പൊലി.
കൊട്ടേക്കാട്ടുകാവിൽ കൊട്ടിയകംകൊള്ളൽ
12:46 AM May 25, 2023 | Deepika.com