തൃശൂർ: കാണികളായെത്തിയ കുട്ടികളെ തന്പിൽ കയറ്റി അഭ്യാസപ്രകടനങ്ങളിൽ പങ്കാളികളാക്കി ഗ്രേറ്റ് ബോംബെ സർക്കസ്. കോമാളികൾക്കൊപ്പമുള്ള കുട്ടികളുടെ നിഷ്കളങ്ക പ്രകടനങ്ങൾ സദസിൽ കൂട്ടച്ചിരിയുയർത്തി. ആസ്വാദകരെയും കൈയിലെടുത്തായിരുന്നു ഗ്രേറ്റ് ബോംബെ സർക്കസ് പ്രകടനങ്ങൾ. ആദ്യഷോയിൽതന്നെ നിറഞ്ഞ സദസിനു മുന്പിലായിരുന്നു പ്രകടനങ്ങൾ.
റോക്ക് മ്യൂസിക്കിനൊപ്പം ചുവടുകൾവച്ചുകൊണ്ടുള്ള എത്യോപ്യൻ കലാകാരന്മാരുടെ ബാലൻസിംഗ് വിദ്യകളും മണിപ്പൂരി കലാകാരികളുടെ മെയ്യഭ്യാസങ്ങളും വാൾ വായിലൂടെ വിഴുങ്ങിയുള്ള പ്രകടനങ്ങളും വിസ്മയകരമാണ്. സോഡ് ആക്ട്, ഗ്രൂപ്പ് ആക്രോബാറ്റിക്സ്, അമേരിക്കൻ ലിംബിംഗ് ബോർഡ്, റഷ്യൻ സ്പെഡ് റിംഗ്, റഷ്യൻ ഡവിൾ ക്ലൗണ്‍ ഐറ്റം, റഷ്യൻ വെർട്ടിക്കൽ ഗ്വിങ്ങിംഗ് അക്രോബാറ്റ് തുടങ്ങിയവ ആളുകളെ ത്രസിപ്പിക്കും.
അതിസാഹസിക പ്രകടനങ്ങൾക്കു റഷ്യൻ ബാലെയുടെ സംഗീതവും പശ്ചാത്തലമായുണ്ട്. അപൂർവ ഇനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് എന്നിവയുടെയും നായ്ക്കളുടെയും പ്രകടനം അതിശയകരമാണ്. ശക്തൻ നഗറിൽ ദിവസവും ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനും രാത്രി ഏഴിനുമാണ് ഷോകൾ. നൂറൂ രൂപമുതൽ 400 രൂപവരെയാണ് ടിക്കറ്റ് നിരക്കുകൾ.
ത്രസിപ്പിക്കുന്ന മെയ്യഭ്യാസവുമായി ഗ്രേറ്റ് ബോംബെ സർക്കസ്
12:50 AM Apr 02, 2023 | Deepika.com