കൊടകര: സഹൃദയ എൻജിനീയറിംഗ് കോളജും സഹൃദയ ടിബിഐ ഹബും കേരളാ സ്റ്റാർട്ടപ്പുമായി ചേർന്ന് രൂപീകരിച്ച ’റിസർച്ച് ഇന്നോവേഷൻ പ്രോഗ്രാം ഫോർ വുമണ്‍ സ്റ്റാർട്ട് അപ്പ് പദ്ധതിയിലേക്ക് ഏഴു വനിതകളെ തെരഞ്ഞെടുത്തു. ബിയോടെക്നോളജി, ബിയോമെഡിക്കൽ എൻജിനീയറിംഗ് എന്നീ മേഖലകളിൽ ഗവേഷണം ചെയ്യുന്ന വനിതകളുടെ ആശയങ്ങളെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തി സംരംഭകത്വ സാധ്യതകൾ വികസിപ്പിക്കുകയാണു ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ട ഏഴു വനിതകൾക്ക് അഞ്ചുലക്ഷം രൂപവരെയുള്ള ഗ്രാൻഡ് ഒരുവർഷത്തോളം നീളുന്ന പദ്ധതിയുടെ ഭാഗമായി നൽകും. വിദ്യ മോഹൻ- പ്രോജക്ട് അസിസ്റ്റന്റ് (ഹൃദയ സംരക്ഷണത്തിനുള്ള സമീകൃത ഭക്ഷണത്തിൽ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡ് അനുപാതമുള്ള എൻജിനീയറിംഗ് ചികിത്സാ ഭക്ഷണം), രേഷ്മ ജോസ്- അസിസ്റ്റന്റ് പ്രഫസർ സഹൃദയ എൻജിനീയറിംഗ് കോളജ് (ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശയവിനിമയത്തിനുള്ള ഉപകാരണത്തിന്റെ പ്രോജക്ട്), ഡോ. പാർവതി നാരായണൻ- എംഡിഎസ് വിദ്യാർഥിനി (നിക്കൽ ടൈറ്റാനിയം അലോയികളുടെ പുനരുപയോഗം), ഡോ. പി.എം. മേഘ- അസിസ്റ്റന്റ് പ്രഫസർ, മേഴ്സി കോളജ് പാലക്കാട് (ബയോ സീൽ: ദി സെൽഫ് ഹീലിംഗ് ബയോ കോണ്‍ക്രീറ്റ് ) ഡോ. കെ.പി. ശ്രുതി- ഹൗസ് സർജൻ, എംവിആർ ആയുർവേദ മെഡിക്കൽ കോളജ് (തേനീച്ച ഉത്പാദനം സുസ്ഥിര ബിസിനസാക്കുന്ന പ്രോജക്ട് ), ഡോ. ജിത്തു രവീന്ദ്രൻ- അസിസ്റ്റന്റ് പ്രഫസർ, സഹൃദയ എൻജിനീയറിംഗ് കോളജ് (യൂണിവേഴ്സൽ ക്ലോറോമീറ്റർ), ഡോ. ഇ.എസ്. ബിന്ദിയ- പോസ്റ്റ് ഡോക്ടറൽ ഫെല്ലോ (കുട്ടികൾക്കുള്ള പ്രോബയോട്ടിക് ഹെൽത്ത് സപ്ലിമെന്റ്) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.
റിസർച്ച് ഇന്നോവേഷൻ സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്ക് 7 വനിതകൾ
12:50 AM Apr 02, 2023 | Deepika.com