തിരുവല്ല: പോലീസ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം, തോട്ടില്‍ ചാടി രക്ഷപ്പെട്ടയാള്‍ കസ്റ്റഡിയിലായി. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന ചുമത്ര ആറ്റിന്കരയില് വീട്ടില്‍ മോന്‍സിയാണ് ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും സംയുക്ത തെരച്ചിലില്‍ കൊട്ടാലി പാലത്തിനടുത്തുനിന്നു പിടിയിലായത്.
പോലീസ് പിന്തുടരുന്നതറിഞ്ഞ മോന്‍സി കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തില്‍ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെട്ടത്. കവറില്‍ നിന്നു 90 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള തിരുവല്ല പോലീസും ഡാന്‍സാഫും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്. പോലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മോന്‍സി തോട്ടില്‍ ചാടിയത്. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ്ഐ നിത്യ സത്യന്, എഎസ്ഐ ബിജു എന്നിവരും, ഡാന്‍സാഫ് സംഘത്തില്‍ എഎസ്ഐ അജികുമാറും സിപിഒ സുജിത്തുമാണ് ഉണ്ടായിരുന്നത്.
കഞ്ചാവ് വലിച്ചെറിഞ്ഞശേഷം തോട്ടില്‍ ചാടിയയാളെ പിടികൂടി
10:46 PM Apr 01, 2023 | Deepika.com