കാഞ്ഞാണി: മൂന്നുകോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിൽ പുതുക്കി പണിത മനക്കൊടി - പുള്ള് റോഡ് നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും.
മനക്കൊടി പാലം സെന്റർ മുതൽ മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്രത്തിനോടു ചേർന്നുള്ള വാരിയം കോൾപ്പടവ് വരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തിൽ തകർന്നു കിടന്ന റോഡാണ് ബിഎംബിസി നിലവാരത്തിൽ നിർമിച്ചത്.
രാവിലെ 10ന് മനക്കൊടി അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്താണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഇന്ദിര നഗർ കോളനിയുടെ മുൻവശം, കിഴക്കുംപുറം, അലേശ് സെന്റർ, സ്റ്റുഡൻസ് റോഡിനു മുൻവശം എന്നിവിടങ്ങളിൽ കൾവർട്ടുകൾ നിർമിച്ചു. 1000 മീറ്ററോളം ദൂരത്തിൽ സൈഡ് കോണ്ക്രീറ്റ് കാനകളുടെയും പ്രൊട്ടക്ഷൻ ദിൽനേറ്ററുകളുടെയും നിർമാണം നടത്തി.
വർഷങ്ങൾക്ക് മുന്പ് കുണ്ടും കുഴിയും നിറഞ്ഞ് ദുർഘടപാതയായി മാറിയ മനക്കൊടി-പുള്ള് റോഡ് അരിന്പൂർ പഞ്ചായത്തും ജനങ്ങളും ജനപ്രതിനിധികളും ചേർന്ന് റോഡിന്റെ ശോചനീയാവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ബിഎംബിസി നിലവാരത്തിൽ പുതുക്കി നിർമിച്ചത്.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ എന്നിവർ മുഖ്യാതിഥികളാകും. എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ഹരീഷ്, ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശശിധരൻ, അരിന്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, വാർഡംഗം കെ. രാഗേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
മനക്കൊടി - പുള്ള് റോഡ് ഉദ്ഘാടനം നാളെ
01:03 AM Apr 01, 2023 | Deepika.com