ചേർപ്പ്: മേള-ആചാരപ്പെരുമയിൽ പെരുവനം പൂരം. പഞ്ചാരി പിറവി കൊണ്ട പെരുവനം നടവഴി ഇന്നലെ ജനസാഗരമായി. കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ പ്രഥമ പൂരം എഴുന്നള്ളിപ്പ് കിഴക്കെ നടവഴിയിൽ നടന്നതോടെ പെരുവനം പൂരത്തിനു തുടക്കമായി. മൂന്ന് ഗജവീരൻമാർ എഴുന്നള്ളിപ്പിന് അകന്പടിയായി. പഴയന്നൂർ ശ്രീരാമൻ ഭഗവതിയുടെ കോലമേറ്റി. പെരുവനം ശങ്കരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും ഏഴ് ആനകളുടെ അകന്പടിയോടെ ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കവും നടന്നു.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നാദസാഗരമായി. ഗജരാജൻ ഉൗക്കൻസ് കുഞ്ചു ശാസ്താവിന്റെ തിടന്പേറ്റി. ഏഴ് ആനകളുടെ അകന്പടിയോടെ ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും എഴുന്നള്ളിപ്പും പെരുവനം സതീശൻ മാരാരുടെ പഞ്ചാരിമേളവും നടന്നു. കുട്ടൻ കുളങ്ങര അർജുനൻ ചാത്തക്കുടം ശാസ്താവിന്റെയും, തിരുവന്പാടി കണ്ണൻ തൊട്ടിപ്പാൾ ഭഗവതിയുടെയും തിടന്പേറ്റി. കുഴൽപറ്റ്, കൊന്പുപറ്റ് എന്നിവയ്ക്കു ശേഷമാണു ചാത്തക്കുടത്തിന്റെ പഞ്ചാരിമേളത്തിനു കാലമിട്ടത്. ഇരുപത്തിയഞ്ചാം വർഷമാണു സതീശൻ മാരാർ മേളത്തിനു കാല പ്രമാണം വഹിക്കുന്നത്. ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കൻമാരുടെ പടിഞ്ഞാറോട്ടും ഉൗരകത്തമ്മ തിരുവടി ചാത്തക്കുടം ശാസ്താവിന്റെയും കയറ്റവും പെരുവനം തൊടുകുളം പരിസരത്തുനിന്ന് ആരംഭിച്ചു. ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. എറണാകുളം ശിവകുമാർ അമ്മത്തിരുവടിയുടെ തിടന്പേറ്റി. പടിഞ്ഞാറെ നടവഴിയിൽ ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് മൂന്ന് ആനകളുടെ അകന്പടിയിൽ നടന്നു. തിരുവന്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടന്പേറ്റി. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിനു നേതൃത്വം നൽകി.
എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്ര പരിസരത്തെത്തി, കരിമരുന്നു പ്രയോഗത്തിനുശേഷം ഏഴു ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് തുടർന്നു. പഞ്ചാരിമേളത്തിനു പെരുവനം കുട്ടൻ മാരാർ പ്രമാണിത്വം വഹിച്ചു. അർധരാത്രി പെരുവനം ക്ഷേത്രമതിൽക്കകത്തു ദേവീദേവൻമാരുടെ കൂട്ടിയെഴുന്നള്ളിപ്പ് ഭക്തി നിർഭരമായി. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിനു നേതൃത്വം നൽകി. പുലർച്ചെ ചേർപ്പ്, അയക്കുന്നു ഭഗവതിമാരുടെ എഴുന്നള്ളിപ്പും മേളത്തിനും പട്ടിണി ശംഖിനുംശേഷം ഇരു ഭഗവതിമാരുടെ ആറാട്ടും പെരുവനം തൊടുകുളത്തിൽ നടന്നു. ആറാട്ടുപുഴ ശാസ്താവും, അയക്കുന്ന് ഭഗവതിയും ചേർപ്പ് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിഞ്ഞതോടെ പെരുവനം പൂരത്തിനു സമാപ്തിയായി.
മേളപ്പെരുമയിൽ പെരുവനം പൂരം
01:03 AM Apr 01, 2023 | Deepika.com