പുത്തൂർ: നടത്തറ പഞ്ചായത്തിലെ ശ്രീധരിപ്പാലം മെയ് മാസത്തിൽ പൂർത്തികരിക്കാൻ സാധിക്കുമെന്ന് റവന്യുമന്ത്രി കെ. രാജൻ.
ശ്രീധരിപ്പാലം നിർമാണ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടത്തറ - പാണഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്നമായിരുന്നു മണലി പുഴയ്ക്ക് കുറുകെയുള്ള പാലം. പഴയ കാലത്ത് ആളുകൾക്ക് നടക്കാനും ഇരുചക്രവാഹനത്തിലും മാത്രം പോകാൻ കഴിയുമായിരുന്ന ഈ പാലം അപകടാവസ്ഥയിലായിട്ട് ഏറെ കാലമായി. ഇതോടെ സ്ഥലം എംഎൽഎ കൂടി ആയ കെ. രാജൻ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീധരിപാലം പുനർ നിർമിക്കാൻ സർക്കാർ ബജറ്റിൽ 10 കോടി രൂപ നീക്കിവച്ചു. പാലത്തിനോടൊപ്പം അപ്രോച്ച് റോഡ് കൂടി നിർമിക്കാനും തീരുമാനിച്ചു. 2018ലെ പ്രളയത്തെ തുടർന്ന് മൂന്നുതവണ പാലത്തിന്റെ ഡിസൈൻ മാറ്റി തയാറാക്കേണ്ടിവന്നത് ചെറിയ കാലതാമസമുണ്ടാക്കി. പിന്നീട് പ്രതേക ടീമിനെ നിയോഗിച്ചു സർവേയും സാമൂഹിക ആഘാത പഠനവും നടത്തി ലാൻഡ് അക്വിസിഷൻ നടപടികളിലേക്ക് കടന്നു. ഇതിനായി പ്രത്യേക ഓഫീസറേയും നിയമിച്ചു.
നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ. രജിത്ത്, പഞ്ചായത്ത് മെന്പർമാരായ പി.കെ. അഭിലാഷ്, കെ.ജെ. ജയൻ, ഇ.ആർ. പ്രദീപ്, ജിനിത സുഭാഷ്, ബിന്ദു സുരേഷ്, ടി.എസ്. ബിജു, പൊതു പ്രവർത്തകൻ ബിന്നി വർഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നടത്തറ ശ്രീധരിപ്പാലം മെയ് മാസത്തിൽ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ
01:03 AM Mar 30, 2023 | Deepika.com