പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ പിആർപി (പ്ലേറ്റിലേറ്റ് റിച്ച് പ്ലാസ്മ) ചികിത്സ ആരംഭിക്കും. പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് നൂനത ചികിത്സാ രീതിയായ പിആർപി ആരംഭിക്കുക.
ബ്ലഡ് ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി (ബിബിഎംസി) യോഗത്തിലാണ് തീരുമാനം. ദാതാക്കളുടെ രക്തപരിശോധനയ്ക്കായി പുതിയ സംവിധാനമായ സിഎൽഐഎ മെഷീൻ ബ്ലഡ് ബാങ്കിൽ സ്ഥാപിക്കുന്നതിനും യോഗം അംഗീകാരം നൽകി.
ഐഎംഎയുടെയും ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിൽ രക്തദാന ചികിത്സയുടെ നൂതന സാധ്യതകളെക്കുറിച്ച് ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ബോധവത്കരിക്കും.
യോഗം ബിബിഎംസി ചെയർമാൻ എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു. ആർഎംഒ ഡോ. അബ്ദുൾ റസാഖ്, ബിബിഎംസി അംഗങ്ങളായ ഡോ. വി.യു സീതി, ഡോ. കെ.എം സീതി, ഡോ. ജലീൽ, കുറ്റീരി മാനുപ്പ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ. സാലിം എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പിആർപി ചികിത്സ ആരംഭിക്കും
11:45 PM Mar 29, 2023 | Deepika.com