കോഴഞ്ചേരി: ആറന്മുളയുടെ പള്ളിയോട പ്പെരുമയ്ക്ക് കാരണമായ തിരുവോണത്തോണി പുറപ്പാടിന്റെ ഐതീഹ്യ മുറങ്ങുന്ന കാട്ടൂര്‍ കരയില്‍ പുത്തന്‍ പള്ളിയോടമൊരുങ്ങുന്നു. പള്ളിയോടത്തിന്റെ മലര്‍ത്തല്‍ കര്‍മം ഇന്നുരാവിലെ 9.10നും 11നും മധ്യേ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. കാട്ടൂര്‍ പുതമണ്ണിന് സമീപമുള്ള മാലിപ്പുരയില്‍ നടക്കുന്ന യോഗം പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജന് മൂലവീട്ടില്‍ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ്.റാന്നി താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ആര്. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. മുന്‍ എംഎല് രാജു ഏബ്രഹാം, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
2022നവംബര്‍ മൂന്നിന് ഉളികുത്തല്‍ കര്‍മം നിര്‍വഹിച്ച പള്ളിയോട നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യ ശില്പി അയിരൂര്‍ സന്തോഷ് ആചാരിയാണ്. 47 കോല് നീളവും 18 അടി അമരവും 64 അംഗുലം ഉടമയുള്ള പള്ളിയോടം എ ബാച്ചിലുള്പ്പെടുന്നതാണ്. 800 ക്യുബിക് അടി തടിയും 200 കിലോ ഇരുമ്പും നിര്‍മാണത്തിന് ആവശ്യമാണ്. 1995ല്‍ നിര്‍മിച്ച നിലവിലുള്ള പള്ളിയോടം 2018ലെ പ്രളയത്തേത്തുടര്‍ന്ന് കേടുപാട് സംഭവിച്ചതിനെത്തുടര്‍ന്നാണ് 60 ലക്ഷം രൂപയോളം ചെലവഴിച്ച് പുതിയ പള്ളിയോടം നിര്‍മിക്കുന്നത്.
കാട്ടൂര്കരയുടെ പുതിയ പള്ളിയോടത്തിന്റെ മലര്‍ത്തല്‍ കര്‍മം ഇന്ന്
10:39 PM Mar 29, 2023 | Deepika.com