പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കന്നുകാലികള്‍ക്ക് ആര്‍എഫ്ഐഡി മൈക്രോചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് കര്‍ഷകനായ കല്ലറക്കടവ് മേലേമറ്റത്ത് ജയകുമാറിന്റെ വീട്ടിലെ കന്നുകാലിക്കു ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്. സുജാ ദേവി മൈക്രോചിപ്പ് കുത്തിവച്ചു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്.
ഇന്ത്യയിൽ ആദ്യം
കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 60,175 കന്നുകാലികള്‍ക്കാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
നിലവിലെ പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിനു പകരമായി, പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍എഫ്ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ടാഗിംഗ് അഥവാ മൈക്രോചിപ്പ് ടാഗിംഗ് ഓരോ മൃഗങ്ങളുടെയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്സ്, ബ്രീഡിംഗ് മാനേജ്മെന്റ്, പെഡിഗ്രി റിക്കാര്‍ഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷ്വറന്‍സ് അധിഷ്ഠിത സേവനങ്ങള്‍, ഭാവികാര്യങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കാം.
7.52 കോടി
കേരള പുനര്‍നിര്‍മാണ പദ്ധതിയിലൂടെ 7.52 കോടി സര്‍ക്കാര്‍ ഇതിനായി അനുവദിച്ചു. ജില്ലയിലെ വെറ്ററിനറി സര്ജന്മാര്ക്കും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുമുള്ള സാങ്കേതിക പരിശീലനങ്ങളും പൂര്‍ത്തീകരിച്ചു. കന്നുകാലികള്‍ക്ക് ആര്‍എഫ്ഐഡി മൈക്രോചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതി ആദ്യമായി ജില്ലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞതു അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു പറഞ്ഞു. അദ്ദേഹം വിരമിക്കാനൊരുങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഇത്തരമൊരു പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്. പത്തനംതിട്ട കല്ലറക്കടവ് കിഴക്കേമട്ടത്തിൽ ജയകുമാറിന്റെ വീട്ടിലെത്തി വളർത്തുപശുവിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചാണ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രാജേഷ് ബാബു, പ്രോജക്ട് ഓഫീസര്‍ ഡോ.ഡാനിയല്‍ ജോണ്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കി ദാസ്, ഡോ. വാണി ആര്. പിള്ള, ഡോ.എബി കെ. ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
കന്നുകാലികള്‍ക്കു മൈക്രോചിപ്പ്: പൈലറ്റ് പ്രോജക്ട് പത്തനംതിട്ടയിൽ
10:37 PM Mar 29, 2023 | Deepika.com