ഇരിങ്ങാലക്കുട: കാലിക്കട്ട് സർവകലാശാല ബിരുദപഠന പദ്ധതി പ്രകാരം ഓരോ വിദ്യാർഥിയും നിശ്ചിത ദിവസങ്ങൾ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കേണ്ടതാണെന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥികൾ ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് ശുചീകരണ യത്നം സങ്കടിപ്പിച്ചു.
ശുചീകരണ സാമഗ്രികളുമായി രാവിലെ എത്തിയ 40 ഓളം വിദ്യാർഥികളാണു രണ്ടു മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ പൂർണമായും വൃത്തിയാക്കിയത്. ക്ലാസ് അധ്യാപകന്റെയും കെഎസ്ആർടിസി അധികൃതരുടെയും മേൽനോട്ടത്തിൽ നടന്ന ഈ ശുചീകരണ പരിപാടിയിലൂടെ പഠനപദ്ധതി പ്രകാരമുള്ള നിബന്ധന പൂർത്തീകരിക്കുന്നതോടൊപ്പം വിദ്യാർഥികളിൽ പൊതുഗതാഗത സംവിധാനങ്ങളോടുള്ള ആഭിമുഖ്യവും കെഎസ്ആർടിസിയോടുള്ള മമതയും വർധിക്കാൻ സഹായകമായി.
കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കി ക്രൈസ്റ്റിലെ വിദ്യാർഥികൾ
12:50 AM Mar 29, 2023 | Deepika.com