വാഹന പരിശോധന കാമറയിൽ പകർത്തണം: ടു വീലർ യൂസേഴ്സ് അസോസിയേഷൻ
12:45 AM Mar 29, 2023 | Deepika.com
തൃശൂർ: വാഹന പരിശോധനകൾ കാമറയിൽ പകർത്തണമെന്നും നിയമം പാലിക്കാത്തവർക്കെതിരെ നിയമം അനുവദിക്കുന്ന നടപടികൾ മാത്രമേ സ്വീകരിക്കാവൂവെന്നും ടു വീലർ യൂസേഴ്സ് അസോസിയേഷൻ. 2020ൽ അന്നത്തെ ഡിജിപി ലോക് നാഥ് ബെഹറ ഇറക്കിയ സർക്കുലർ കർശനമായി പാലിക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും പറഞ്ഞു. എസ്ഐയുടെനേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ നാലുപേർ വേണമെന്നും ഇതിൽ ഒരാൾ പൂർണമായും വീഡിയോ ചിത്രീകരണത്തിൽ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. നിയമാനുസൃത നടപടിയല്ലാതെ യാത്രികരോടു കയർക്കരുത്. അതിരുകവിഞ്ഞ രോഷം പ്രകടിപ്പിക്കാനോ വാഹനം നിര്ത്താതെപോകുന്നവരെ പിന്തുടരാനോ പാടില്ല. ഇത്തരം വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കണം. വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ലെന്നും റോഡിലേക്കുകയറിനിന്ന് കൈകാണിക്കരുതെന്നുമാണു നിർദേശങ്ങൾ. ഇത്തരം നിർദേശങ്ങൾ പാലിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ഞായറാഴ്ച തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടിയയാൾ മരിക്കാനുണ്ടായ സാഹചര്യം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.