ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്തിലെ വാക ഇഞ്ചിക്കുന്നിൽ നിന്നു ജിയോളജി വകുപ്പിന്റെ ഉത്തരവുപ്രകാരം നിയമാനുസൃതം മണ്ണെടുക്കാൻ തീരുമാനമായി.
മുരളി പെരുനെല്ലി എംഎൽഎയുടെ അധ്യക്ഷതയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് വികസന പ്രവർത്തനങ്ങൾക്ക് മണ്ണെടുക്കുന്നതിന് തീരുമാനമായത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അതിവേഗതയിലാണ് നടക്കുന്നത്. അതിനുവേണ്ടി അനുയോജ്യമായ മണ്ണ് എടുക്കുന്നതിന് എളവള്ളി ഗ്രാമപഞ്ചായത്തിലെ ചേലൂർ ഇഞ്ചിക്കുന്ന് പ്രദേശത്താണ് അനുമതി നൽകിയിരുന്നത്. എന്നാൽ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് തടഞ്ഞു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. നിലവിൽ മണ്ണെടുത്തുപോയ പ്രദേശത്തുനിന്നും കണ്ടാണശേരി ഗ്രാമ പഞ്ചായത്തതിർത്തിയിൽനിന്നും 850 മീറ്റർ ദൂരം പുതിയ മണ്ണെടുക്കുന്ന സ്ഥലത്തേയ്ക്കുണ്ട്. മണ്ണെടുപ്പിന്റെ ഭാഗമായി ബാക്കിവന്ന മണ്തിട്ട എടുത്തുമാറ്റിയില്ലെങ്കിലാണ് വീടുകൾക്ക് ഭീഷണി ഉണ്ടാകുന്നത് എന്ന് യോഗം ചർച്ചചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വികസന പ്രവർത്തനങ്ങൾ തടയുന്നതിൽനിന്നും എല്ലാ രാഷ്ട്രീയ കക്ഷികളും പിന്മാറണമെന്ന് യോഗത്തിൽ എംഎൽഎ നിർദേശിച്ചു. യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷതവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, ചാവക്കാട് തഹസിൽദാർ പി.കെ. ഷാജി, കുന്നംകുളം തഹസിൽദാർ ഒ.ബി. ഹേമ, തൃശൂർ ജിയോളജിസ്റ്റ് സംഗീത സതീഷ്, ഗുരുവായൂർ അസി.പോലീസ് കമ്മീഷണർ കെ.ജി. സുരേഷ്, പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. രമേഷ്, എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എൽ. തോമസ് എന്നിവർ പ്രസംഗിച്ചു.
ആളൂർ - എളവള്ളി വില്ലേജ് ഓഫീസർമാർ, എളവള്ളി - കണ്ടാണശേരി ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സിപിഐ, കോണ്ഗ്രസ് പ്രതിനിധികൾ ഇറങ്ങിപ്പോയി
എളവള്ളി: വാക ഇഞ്ചിക്കുന്ന് മണ്ണെടുപ്പ് സംബന്ധിച്ച് എളവള്ളി പഞ്ചായത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ, കോണ്ഗ്രസ് പ്രതിനിധികൾ ഇറങ്ങിപ്പോയി. മണലൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷാജി കാക്കശേരി, കോണ്ഗ്രസ് പ്രതിനിധികളായ സി.ഡി. ആന്റോ, എൻ.എ. നൗഷാദ്, പി.വി. നിവാസ് എന്നിവരാണ് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ചു ഇറങ്ങിപോന്നത്. മണ്ണെടുപ്പിനെതിരെ ജനകീയ സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷിയോഗത്തിൽ സംസാരിച്ച ഭൂരിപക്ഷംപേരും ഖനനത്തിനെതിരെ നിലപാടു സ്വീകരിച്ചിട്ടും മുരളി പെരുനെല്ലി എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സും ഖനനം തുടരാൻ തീരുമാനിച്ചപ്പോഴാണ് സിപിഐ, കോണ്ഗ്രസ് പ്രതിനിധികൾ ഇറങ്ങിപോയത്.
ഇഞ്ചിക്കുന്നിൽ നിന്നു മണ്ണെടുക്കും
12:51 AM Mar 28, 2023 | Deepika.com