കൈപ്പറന്പ്: കോൾപാടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ചു കൃഷിക്കാവശ്യമായ വൈദ്യുതി സൗരോർജത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതി പൈലറ്റായി വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കും.
മണ്ഡലത്തിലെ പുഴയ്ക്കൽ ബ്ലോക്ക് പരിധിയിൽവരുന്ന അടാട്ട്, തോളൂർ, കൈപ്പറന്പ് ഗ്രാമപഞ്ചായത്തുകളിലെ കോൾ കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ വൈദ്യുതി ലഭിക്കുന്ന കാർഷിക കണക്ഷനുകൾ സൗരോർജത്തിലേക്ക് മാറുന്നതുവഴി കൃഷിവകുപ്പിന് വലിയ നേട്ടമാണ് ഉണ്ടാകുന്നത്. കർഷകർക്ക് സൗജന്യ കാർഷിക കണക്ഷൻ നൽകുന്നതിനായി വൈദ്യുതി വകുപ്പിലേയ്ക്ക് കെട്ടിവെക്കേണ്ട ഭീമമായ സബ്സിഡി തുക കൃഷിവകുപ്പിന് ലാഭിക്കാം. കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ വഴി ലഭിക്കുന്ന അധിക വൈദ്യുതി െ കഎസ്ഇബി ഗ്രിഡിലേക്ക് കൈമാറി കർഷകന് വരുമാനമുണ്ടാക്കാനുള്ള അവസരവുമുണ്ട്. തൃശൂർ ജില്ലയിൽ 75,000 സൗജന്യ കാർഷിക കണക്ഷനുകളാണ് നിലവിലുള്ളത്. ഇതിൽ 3,100 കണക്ഷനുകൾ സോളാറിലേക്ക് മാറ്റുന്നതിനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യംവക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ആലോചനയ്ക്കായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൃഷിമന്ത്രി പി. പ്രസാദ്, എംഎൽഎമാർ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂർ കളക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ അടാട്ട്, തോളൂർ, കൈപ്പറന്പ് കൃഷിഭവനുകൾക്ക് കീഴിലെ വ്യക്തിഗത കാർഷിക പന്പുകൾ, കോൾപടവുകളിലെ പന്പുകൾ എന്നിവ സൗരോർജത്തിലേക്ക് മാറ്റുന്നതിനായുള്ള ഒരു വിശദ പദ്ധതിരേഖ(ഡിപിആർ) സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വൈദ്യുതി മന്ത്രിയ്ക്ക് സമർപ്പിച്ചു. ഈ ഡിപിആർ അംഗീകരിച്ചുകൊണ്ടാണ് പൈലറ്റായി ഇവിടെ പദ്ധതി നടപ്പിലാക്കുന്നത്.
അനർട്ട് വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്. അടാട്ട് കൃഷിഭവന്റെ കീഴിലെ 674 വ്യക്തിഗത കർഷക കണക്ഷനുകളും 11 കോൾപടവുകളിലെ കണക്ഷനുകളും സൗരോർജത്തിലേക്ക് മാറ്റുന്നതിനും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി 29.11 കോടി രൂപയുടെ വർക്ക് ഓർഡർ നൽകി. അടാട്ട് പഞ്ചായത്തിലെ 11 കോൾപടവുകളിലാണ് പാനലുകൾ സ്ഥാപിക്കുന്നത്. തോളൂർ കൃഷിഭവനു കീഴിൽ 60 കാർഷിക കണക്ഷനുകൾ സോളാറിലേക്ക് മാറ്റുന്നതിനായി 2.01 കോടി രൂപയുടെ വർക്ക് ഓർഡർ നൽകി.
പദ്ധതി വിശദീകരണത്തിനായി ഇന്ന് രാവിലെ പത്തിന് മുതുവറ കമ്യൂണിറ്റി ഹാളിൽ മണ്ഡലംതല സെമിനാർ സംഘടിപ്പിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
കോൾപാടങ്ങളിൽ സോളാർ പാനൽ: വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കും
12:51 AM Mar 28, 2023 | Deepika.com