നൂറാം വാർഷികാഘോഷം
12:48 AM Mar 28, 2023 | Deepika.com
തൃശൂർ: ലൂർദ്ദ് സെന്റ് മേരീസ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സ്കൂൾ മാനേജരും ലൂർദ്ദ് കത്തീഡ്രൽ വികാരിയുമായ ഫാ. ഡേവീസ് പുലിക്കോട്ടിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആഘോഷങ്ങളുടെ ഉദ്ഘാടനം 31ന് വൈകിട്ടു മൂന്നിനു ലൂർദ്ദ് കത്തീഡ്രൽഹാളിൽ മേയർ എം.കെ. വർഗീസ് നിർവഹിക്കും. അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷനാകും. ഒഎസ്എയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷവും 100 വിദ്യാർഥികൾക്ക് പാഠ്യേതര വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്ന താങ്ങായ്, തണലായ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും. പ്രമുഖരായ പൂർവവിദ്യാർഥികളെയും പൂർവാധ്യാപകരെയും ചടങ്ങിൽ ആദരിക്കും. എൻഡോവ്മെന്റ് വിതരണം കൗണ്‍സിലർ ജോണ്‍ ഡാനിയേലും സമ്മാന വിതരണം പ്രധാനാധ്യാപിക എ.വി. സിൽവിയയും നിർവഹിക്കും. തൃശൂർ ഈസ്റ്റ് എഇഒ പി.എം. ബാലകൃഷ്ണൻ, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, ബാബു കവലക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും. വൈസ് ചെയർമാൻ സി.ആർ. ആന്റോ, ജോയ് മഞ്ഞില, വിനു കുറ്റിച്ചാക്കു, കെ.ആർ. ഷീജ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.