റാന്നി: ഏകാഗ്രവും ശ്രദ്ധയോടെയുമുള്ള പ്രാർഥനയിലൂടെ ദൈവസാന്നിധ്യം തിരിച്ചറിയാനാകുമെന്ന് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കാദിന ആഘോഷവും ഭദ്രാസന പ്രാർഥനായോഗ വാർഷികവും റാന്നി തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഖില മലങ്കര പ്രാർഥനായോഗം പ്രസിഡന്റ് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക സംഘം ജനറൽ സെക്രട്ടറി റവ. ഡോ. നൈനാൻ വി. ജോർജ് സഭാദിന സന്ദേശം നൽകി.
പ്രാർഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഷെറിൽ എസ്. കുറ്റിക്കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ലഹരി വിരുദ്ധ ബോധവത്കരണത്തിനു നേതൃത്വം നൽകി.
പ്രാർഥനായോഗം വാർഷിക കലണ്ടർ ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു. കലണ്ടർ പ്രകാശനം ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവക വികാരി ഫാ. ഏബ്രഹാം മത്തായി അഭിവന്ദ്യ പിതാക്കന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
അഖില മലങ്കര പ്രാർഥനായോഗം വൈസ് പ്രസിഡൻറ് ഫാ.ബിജു മാത്യു, തോട്ടമൺ പള്ളി വികാരി ഫാ. ഏബ്രഹാം മത്തായി, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ സെക്രട്ടറി എ.വി. ജോസ്, ട്രഷറർ ലിജോ പി. തോമസ്, ഷാജി മഠത്തിലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാർഥനയിലൂടെ ദൈവസാന്നിധ്യം തിരിച്ചറിയണം: മാർ തേവോദോസിയോസ്
11:48 PM Mar 27, 2023 | Deepika.com