ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോന്പാചരണത്തിന്റെയും കരുത്തിൽ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വകവക്കാതെ മാർ തോമശ്ലീഹായുടെ പാദസ്പർശമേറ്റ അഴീക്കോട് തീർഥകേന്ദ്രത്തിലേക്കു കത്തീഡ്രൽ ഇടവകയിലെ വിശ്വാസികൾ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷ്ണതയുടെ സാക്ഷ്യമായി മാറി. നോന്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളിൽ ജപമാലയും പേപ്പർ പതാകയും കുരിശുമേന്തി ചുണ്ടിൽ പ്രാർഥനകളുരുവിട്ടായിരുന്നു വിശ്വാസികൾ പദയാത്രയിൽ അണിചേർന്നത്.
രാവിലെ അഞ്ചിന് കത്തീഡ്രൽ അങ്കണത്തിൽ വികാരി ഫാ. പയസ് ചെറപ്പണത്ത് ജനറൽ കണ്‍വീനർ സിജു പുത്തൻ വീട്ടിലിനു പേപ്പൽ പതാക കൈമാറികൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു. അസി. വികാരിമാരായ ഫാ. സിബിൻ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കൽ, ഫാ. ജോർജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ഒ.എസ് ടോമി, ബാബു നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജുപോൾ അക്കരക്കാരൻ, ജോ. കണ്‍വീനർമാരായ സെബി അക്കരക്കാരൻ, ലിസ സിജു മണ്ടി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപ്പുഴക്കാരൻ എന്നിവർ നേതൃത്വം നൽകി.
തീർഥാടന പുണ്യം തേടി പദയാത്ര നടത്തി
01:08 AM Mar 27, 2023 | Deepika.com