കൊരട്ടി: ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ കൊരട്ടിയിൽ നടപ്പിലാക്കുന്ന വൈസ്മെൻ ക്ലബ് ഇന്റർനാഷണൽ കൊരട്ടി സെൻട്രൽ മാനവിക മൂല്യങ്ങളെ ഉയർത്തി പിടിച്ച് വീണ്ടും ഉയരങ്ങളിലേക്ക്. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ഇവരുടെ നേതൃത്വത്തിൽ ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് നൂറു നാൾ പിന്നിടുകയാണ്.
പരിഭവവും പരാതികളുമില്ലാതെ ആശുപത്രി ഐ.പി. ബ്ലോക്കിൽ കഴിയുന്ന നൂറോളം അന്തേവാസിക്കാണ് ഇവർ എല്ലാ ദിവസവും പ്രഭാത ഭക്ഷണം തയ്യാറാക്കി നൽകുന്നത്. ക്ലബ് വിഭാവനം ചെയ്ത ആശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്തരമൊരു സദ് കർമ്മം നടപ്പിലാക്കുന്നത്.
ചാലക്കുടി സിഎസ്ഐ പള്ളി വികാരി ഫാ. രഞ്ജു മാത്യു സ്ഥലത്തെത്തി ഭക്ഷണം കൈമാറി നൂറാം നാൾ ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ നിജു ജോയി അധ്യക്ഷനായി. ക്ലബ് സെക്രട്ടറി ജയേഷ് കേളംപറന്പിലിന്റെ നേതൃത്വത്തിലാണ് എല്ലാ ദിവസവും ഭക്ഷണം തയ്യാറാക്കി ആശുപത്രിയിലെത്തിക്കുന്നത്.
വാർഡ് മെന്പർ ലിജോ ജോസ്, ആശ്രയം മെന്പർ ബിജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഭക്ഷണമെത്തിച്ചു നൽകാൻ തുടങ്ങിയിട്ട് 9 മാസം പിന്നിട്ടു.
പ്രളയക്കെടുതിയിലും കോവിഡ് മഹാമാരിയിലും പെട്ട് നിരാശ്രയരായി മാറിയ കൊരട്ടിയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി പേർക്ക് ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും ഇവർ കാഴ്ചവച്ചിരുന്നു.
നിരാലംബരെ നെഞ്ചോടു ചേർത്ത് കൊരട്ടി വൈസ്മെൻ ക്ലബ് ഇന്റർനാഷണൽ
06:47 AM Mar 26, 2023 | Deepika.com