പുത്തൂർ: ഗവ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തി. രണ്ട് ക്ലാസ് മുറികളുടെ ജനൽച്ചില്ലുകളാണു സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തിയത്. സ്കൂൾ പ്രവൃത്തി സമയത്തിനുശേഷവും രാത്രിയിലും സ്കൂൾ ഗ്രൗണ്ടിലും ക്ലാസ് റൂമുകൾക്കു സമീപവും സമൂഹ്യവിരുദ്ധർ കയറുന്നതു പതിവായതോടെ സ്കൂൾ അധികൃതർ പ്രധാന ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടിയാണ് പോയത്.
ഇതിന്റെ പ്രതികാരമെന്നോണമാണു കഴിഞ്ഞ രാത്രിയിൽ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്തത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ഒല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പോലീസിനു കൈമാറി. നിർമാണം നടത്തി മാസങ്ങൾ പിന്നിട്ടപ്പോഴേക്കും നാശനഷ്ട്ടം വരുത്തിയവരെ കണ്ടെത്തി തക്കതായ നടപടി എടുക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.
പുത്തൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർത്തു
12:58 AM Mar 25, 2023 | Deepika.com