തൃശൂർ: ചാലക്കുടി പ്രസ് ഫോറത്തിന്റെ പ്രണാമം 2023 പരിപാടിയുടെ ഭാഗമായി അന്തരിച്ച യുവ മാധ്യമ പ്രവർത്തകൻ മധു സന്പാളൂർ സ്മാരകമായി ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ഏർപെടുത്തിയ മാധ്യമരംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം.ജി. രാധാകൃഷ്ണന് സമ്മാനിക്കും. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജന്മഭൂമി വടക്കാഞ്ചേരി ലേഖകൻ ശിവപ്രസാദ് പട്ടാന്പി, പുതുക്കാട് എൻസിടിവിയിലെ ബൈജു ദേവസി, മലയാള മനോരമ പഴയന്നൂർ ലേഖകൻ ഭാനുപ്രകാശ്, തൃശൂർ ടിസിവിയിലെ ലിറ്റി ജെയ്സൺ, കയ്പമംഗലം എസ് ടിവിയിലെ ഹരി പെരിഞ്ഞനം എന്നിവരും വിവിധ അവാർഡുകൾക്ക് അർഹരായി. 5,000 രൂപ രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരങ്ങൾ.
ദൂരദർശൻ മുൻ ന്യൂസ് റീഡറും ജനം ടിവി മുൻ സീനിയർ എഡിറ്ററുമായ ആർ. ബാലകൃഷ്ണൻ, സത്യദീപം എഡിറ്റർ ഷിജു ആച്ചാണ്ടി, ഗോൾഡ് എഫ്എം ന്യൂസ് എഡിറ്റർ റോയ് റാഫേൽ, തൃശൂർ ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ മനോജ് കണ്ണൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടിന് ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗണ്‍ ഹാളിൽ നടക്കുന്ന പ്രണാമം 2023ന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി കെ. രാജൻ നിർവഹിക്കും. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂർ അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച മെട്രോ വാർത്ത സബ് എഡിറ്റർ നീതു ചന്ദ്രനെ അനുമോദിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും.
നഗരസഭാധ്യക്ഷൻ എബി ജോ ർജ് ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂർ, സെക്രട്ടറി സിജോ ചാതേലി, പ്രണാമം ചെയർമാൻ രമേഷ് കുമാർ കുഴിക്കാട്ടിൽ, ജനറൽ കണ്‍വീനർ ദിലീപ് നാരായണൻ, വൈസ് പ്രസിഡന്റ് അഞ്ജുമോൻ വെള്ളാനിക്കാരൻ എന്നിവർ പങ്കെടുത്തു.
ചാലക്കുടി പ്രസ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു
12:56 AM Mar 25, 2023 | Deepika.com