ഇരിങ്ങാലക്കുട: പത്താം ക്ലാസ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മറ്റൊരു ബൈക്കിനുമുകളിലേക്ക് വീണു. ബൈക്കിലുണ്ടായിരുന്ന രണ്ടു വിദ്യാർഥികളടക്കം മൂന്നുപേർക്കു പരിക്കേറ്റു.
ഠാണാവ് ഭാഗത്തുനിന്ന് വേഗത്തിൽ വന്നിരുന്ന വിദ്യാർഥികളുടെ ബൈക്ക് കനറാ ബാങ്ക് പരിസരത്തുവെച്ച് എതിരേ വന്നിരുന്ന സ്കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്കൂട്ടർ യാത്രക്കാരിയായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി എടപ്പിള്ളി വീട്ടിൽ റീത്തയ്ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്താതെ പോയ ബൈക്ക് സ്നേഹ ഹോട്ടലിന് മുൻപിലായി എതിരേ വന്നിരുന്ന കാറിലിടിച്ച് സമീപത്ത് നിർത്തിയിരുന്ന ബൈക്കിന് മുകളിലേക്കുവീണു. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ വിദ്യാർഥികളെ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്താം ക്ലാസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് അപകടം
01:03 AM Mar 24, 2023 | Deepika.com