പാവറട്ടി: എളവള്ളി വാകയിലെ ജനവാസ കേന്ദ്രത്തിൽ പഞ്ചായത്തിന്റെയും ജിയോളജിക്കൽ വകുപ്പിന്റെയും അനുമതിയോടെ നടത്തുന്ന മണ്ണെടുപ്പിനെതിരേ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ്, സിപിഎം, സിപിഐ പ്രവർത്തകരും നാട്ടുകാരും ചേർന്നാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.
വാഹനങ്ങൾ തടയാനും ശ്രമിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.ജെ. സ്റ്റാൻലി, വിഷ്ണു എളവള്ളി, ഷാജി കാക്കശേരി, സി.കെ. രമേഷ്, ശിവൻ വാക, അശോകൻ പത്യാല തുടങ്ങി സ്ത്രീകളടക്കമുള്ള പതിനൊന്നുപേരെയാണു ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, പാവറട്ടി എസ്ഐ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം അറസ്റ്റ് ചെയ്തത്. സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. താൽകാലികമായി മണ്ണെടുപ്പ് നിർത്തിവച്ചു.
പരിസ്ഥിതി ലോല പ്രദേശത്തു രണ്ടുവർഷം മുന്‍പ് ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായി. ജിയോളജി വകുപ്പ് മണ്ണെടുക്കാൻ നൽകിയ അനുമതി പിൻവലിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മണ്ണെടുപ്പിനെതിരേ വന്‍ പ്രതിഷേധം
12:35 AM Mar 23, 2023 | Deepika.com