മേലൂർ: പൊതുകിണറിൽ കാടുകയറി വെള്ളം മലിനമാവുന്നു. കല്ലുകുത്തി ജംഗ്ഷനിലെ കിണറിനു മുകളിൽ ഇരുന്പു വല ഉപയോഗിച്ച് മൂടിയിട്ടുണ്ടെങ്കിലും ഉള്ളിലെ ഭിത്തിയിൽ നിന്ന് ചെറുമരം വളർന്ന് പുറത്തെത്തിയ നിലയിലാണ്.
മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിന്റെ നവീകരണത്തിനായി ഈ പ്രദേശത്ത് റോഡ് പൊളിച്ചിട്ടത്തോടെ വാഹനങ്ങൾ കടന്നുപോകുന്പോൾ പൊടിപടലം നിറയുന്നതായി പരാതിയുണ്ട്. കിണറിനു മുകളിലേക്ക് എത്തിയ ശിഖരത്തിലെ ഇലകളിൽ പൊടി നിറയുകയും വെള്ളത്തിലേക്ക് ഇവ കൊഴിഞ്ഞുവീണ് ജലം മലിനമാവുന്നു. കുടിവെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതു കിണറുകൾ ശുചീകരണം നടത്തി സംരക്ഷിക്കണമെന്നും ഈ മേഖലയിൽ പൊടിപടലം നിറയുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പൊതുകിണറിൽ കാടു കയറി; വെള്ളം മലിനമാവുന്നു
12:33 AM Mar 23, 2023 | Deepika.com