കരുവാരകുണ്ട്: കരുവാരക്കുണ്ട് പുന്നക്കാട് ആയുർവേദ ഡിസ്പെൻസി കെട്ടിടത്തിന്റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ മർദിച്ചതായി പരാതി. സംഭവത്തിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി. മർദനമേറ്റ കരാറുകാരൻ പാണ്ടിക്കാട് ചെന്പ്രശേരി സ്വദേശി കൊണ്ടേങ്ങാടൻ കരീം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.പുന്നക്കാട് മിനി സ്റ്റേഡിയത്തോടു ചേർന്നു ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കെട്ടിടത്തിന്റെ ചുറ്റുമതിൽ നിർമാണവും പൂർത്തിയായി. മതിൽ, സ്റ്റേഡിയത്തിലെ കായിക പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഉന്നയിച്ച് കായിക പ്രേമികളുടെ നേതൃത്വത്തിൽ പഞ്ചായത്തിനെതിരെ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനിടയിൽ മതിൽ പൊളിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകിയെന്ന കാരണം പറഞ്ഞ് ഒരു കൂട്ടം ആളുകൾ ആയുർവേദ ഡിസ്പെൻസറിക്കായി നിർമിച്ച ചുറ്റുമതിൽ തകർക്കുകയായിരുന്നു. ഇതു ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘം കരാറുകാരനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
തലയ്ക്കാണ് പരിക്കേറ്റത്. അതേ സമയം മതിൽ പൊളിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.
കരാറുകാരനെ മർദിച്ചതായി പരാതി
12:16 AM Mar 23, 2023 | Deepika.com