ചാലക്കുടി: ചാലക്കുടി ട്രങ്ക് റോഡ്- ട്രാംവേ ലിങ്ക് റോഡിന്റ അലൈൻമെന്റ് മാറ്റിയതിലും വീതികുറച്ചതിലും സിപിഐ പ്രതിഷേധിച്ചു.
കഴിഞ്ഞ നഗരസഭ എൽഡിഎഫ് ഭരണസമിതി ട്രങ്ക് റോഡിൽ നിന്നും നേരിട്ട് മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിന്റ സൈഡിലൂടെ ട്രാംവെ റോഡിൽ എത്തുന്ന 12 മീറ്റർ വീതിയുള്ള റോഡിനാണ് തീരുമാനമെടുത്തത്. എന്നാൽ ഇപ്പോഴുള്ള യുഡിഎഫ് ഭരണസമിതി ഈ തീരുമാനത്തെ അട്ടിമറിച്ചു വൻ അഴിമതിക്ക് വഴിവക്കുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ആരോപിക്കുന്നു.
നിർദിഷ്ട വഴിയുടെ വീതി ഒന്പതു മീറ്ററായി കുറയ്ക്കുകയും ട്രങ്ക് റോഡിൽ നിന്നും ട്രാംവേക്കു നേരെ കുറുകെയുള്ള റോഡിനു പകരം അലൈൻമെന്റ് മാറ്റി വിവിധ പറന്പുകളിലൂടെ വളഞ്ഞുതിരിഞ്ഞ് റോഡിന്റെ ഗതിമാറ്റി കുറ്റിയടിച്ചിരിക്കുകയാണ്. അടിപാതയുടെ പണി പൂർത്തിയായാൽ മുൻസിപ്പൽ ജംഗ്ഷൻ അടക്കും.
തുടർന്നുണ്ടാകുന്ന വൻ ഗതാഗത തടസം ഒഴിവാക്കാൻ പ്രസ്തുത റോഡ് സഹായകരമാകും എന്നതു കൂടി കണക്കിലെടുത്താണ് ട്രങ്ക് - ട്രാംവേ റോഡ് വിഭാവനം ചെയ്തിരുന്നത്. പക്ഷേ ഈ പദ്ധതിയെ തന്നെ അട്ടിമറിക്കുന്ന വിധത്തിൽ പുതിയ പാത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ചൂണ്ടികാട്ടി. ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കദളിക്കാടൻ പ്രമേയം അവതരിപ്പിച്ചു.
അസി. സെക്രട്ടറി ബീന ഡേവീസ് അധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം സി. മധുസൂദനൻ, ഉഷ പരമേശ്വരൻ, പി.വി. വിവേക് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി ട്രങ്ക് റോഡ്- ട്രാംവേ ലിങ്ക് റോഡ്: സിപിഐ പ്രതിഷേധിച്ചു
12:55 AM Mar 22, 2023 | Deepika.com