ചാവക്കാട്: കടപ്പുറം ഒരുമനയൂർ പഞ്ചായത്ത് നിവാസികൾ വെള്ളത്തിന്റെ നടുവിലാണ്. എന്നാൽ കുടിക്കാനില്ല. കാളാനിപ്പുഴ, ചേറ്റുവപ്പുഴ, കനോലികനാൽ, അറബിക്കടൽ. ഇരുപഞ്ചായത്തുകളും വെള്ളത്തിന്റെ നടുവിലാണ്. വേനൽ കനത്തതോടെ കുടിവെള്ളത്തനായി നെട്ടോട്ടത്തിലാണ്. വേനൽ രൂക്ഷമായതോടെ പ്രശ്നം രൂക്ഷമാണ്.
ഉപ്പുവെള്ളത്തിൽ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്തുകളിൽ ശുദ്ധജല സ്രോതസുകളും വളരെ കുറവാണ്. കുടിവെള്ള പദ്ധതികളാണ് ജനത്തിന് ആശ്രയം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരുമനയൂർ പഞ്ചായത്തിലെ കുറെ കിണറുകൾ മൂടിപ്പോയത് ഒരുമനയൂർ തെക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാക്കി.
കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടി, കച്ചേരി, കറുകമാട് എന്നിവിടങ്ങളിൽ മൂന്ന് ജലസംഭരണിയുണ്ട്. പക്ഷെ, ഇത് നിറയ്ക്കാൻ വെള്ളമില്ല. മൂന്നാംകല്ലിൽ മറ്റൊരു ടാങ്കിന്റെ പണി കൂടി നടക്കുന്നു. ജൽജീവൻ മിഷൻ പദ്ധയിൽ പൈപ്പിടൽ പൂർത്തിയായി. തൃത്താലയിൽ നിന്ന് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഏങ്ങണ്ടിയൂരിൽ നിന്ന് വെള്ളം വന്നാൽ ഒരുമനയൂരിന് ആശ്വാസമാണ്.
ഇതിനിടെ അനധികൃത വെള്ളമൂറ്റൽ നടക്കുന്നതായി ഇരുപഞ്ചായത്തിലും പരാതിയുണ്ട്. പൊട്ടുന്ന പൈപ്പുകൾ നന്നാക്കാൻ അധികൃതർ എത്താത്തതും പ്രശ്നമാണ്.
വെള്ളം വെള്ളം സർവത്ര, കുടിക്കാനില്ല ഒരു തുള്ളി
12:55 AM Mar 22, 2023 | Deepika.com