തൃശൂർ: കോർപറേഷൻ പരിധിയിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകളിൽ ക്യു ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഓട്ടോറിക്ഷ ഉടമയുടെ പേര്, വാഹന നന്പർ, പെർമിറ്റ് നന്പർ, പെർമിറ്റ് കാലാവധി എന്നീ വിവരങ്ങൾ ലഭിക്കും. രാത്രിയിൽ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു വിവരങ്ങൾ ലഭിക്കുന്നതിനാണു പദ്ധതി.
ആർടി ഓഫീസിനാണു നിർവഹണച്ചുമതല. സാങ്കേതിക സഹായം എൻഐസി നൽകും. ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങളടങ്ങിയ കരടു രേഖ തയാറാക്കി. ജില്ലാ കളക്ടർ ഹരിത വി. കുമാർ മേയർ എം.കെ. വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. ഒരുമാസത്തിനുള്ളിൽ സിറ്റി പെർമിറ്റ് ഓട്ടോറിക്ഷകളുടെ വിവരങ്ങൾ തയാറാക്കാനും സ്റ്റിക്കർ നൽകാനുമാണു ലക്ഷ്യം.
ഓട്ടോറിക്ഷകളിൽ പതിപ്പിക്കുന്ന ക്യൂ ആർ കോഡ് അടങ്ങിയ സ്റ്റിക്കറിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. ജില്ലാ കളക്ടർ ഹരിത വി. കുമാർ ഓട്ടോത്തൊഴിലാളികൾക്ക് സ്റ്റിക്കർ വിതരണം ചെയ്തു. വാഹനത്തിന്റെ മുന്പിലും പിന്നിലും സ്റ്റിക്കർ പതിക്കും.
ചടങ്ങിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ആർടിഒ കെ.കെ സുരേഷ്കുമാർ, ജോയിന്റ് ആർടിഒ കെ. രാജേഷ്, ഓട്ടോതൊഴിലാളി സംഘടനാ നേതാക്കളായ കെ.വി. ഹരിദാസ്, എ.ടി. ജോസ്, സി.വി. ദേവസി, കെ.എ. മാത്യൂസ്, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെ
ടുത്തു.
നഗരത്തിലെ ഓട്ടോകളിൽ ഇനി ക്യുആർ കോഡ്
12:53 AM Mar 22, 2023 | Deepika.com