മറ്റത്തൂർ: വാസുപുരം ചെന്പുച്ചിറ റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
വാസുപുരം ചെന്പുച്ചിറ റോഡിലുള്ള പാലത്തിനു സമീപം പഞ്ചായത്ത് നിർമിച്ചിട്ടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിനുള്ളിലും പുറത്തും നിരവധി ചാക്കുകളിലായാണ് അജൈവ മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഹരിതകർമസേന സംഭരിക്കുന്ന അജൈവ മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്നും മാലിന്യചാക്കുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണെന്നും രവീന്ദ്രനാഥ് പരാതിയിൽ ചൂണ്ടിക്കാട്ടി. റോഡരുകിലെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ മറപറ്റി സാമൂഹിക ദ്രോഹികളും ഇവിടെ മാലിന്യം നിറച്ച ചാക്കുകൾ കൊണ്ടുവന്നു തള്ളുന്നുണ്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന പ്ലാസ്റ്റിക് മാലിന്യം എത്രയും വേഗം നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മഴയ്ക്കുമുന്പേ ഇവ നീക്കം ചെയ്തില്ലെങ്കിൽ റോഡരുകിൽ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കുടിവെള്ള സ്രോതസുകളിലേക്കും സമീപത്തെ തോടുവഴി കൃഷിയിടങ്ങളിലേക്കും കുറുമാലി പുഴയിലേക്കും ഒഴുകിയെത്തുമെന്നും പരാതിയിൽ പറയുന്നു.
റോഡരികിലെ മാലിന്യശേഖരം നീക്കംചെയ്യണമെന്ന്
01:04 AM Mar 21, 2023 | Deepika.com