കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ വിനീത് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ നാലാം വാര്‍ഡ് മെംബറാണ് വിനീത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഷിജു പി. കുരുവിളക്ക് ആറു വോട്ടും വിനീത് കുമാറിന് ഏഴു വോട്ടും ലഭിച്ചു.
യുഡിഎഫില്‍ വിനീത് കുമാറിന്റെ പേര് ജോളി ജോണ്‍ നിര്‍ദേശിക്കുകയും റിന്‍സി തോമസ് പിന്താങ്ങുകയും ചെയ്തു. എല്‍ഡിഎഫില്‍നിന്നു ഷിജു പി. കുരുവിളയുടെ പേര് സാബു തോമസ് നിര്‍ദേശിക്കുകയും റോഷ്നി ബിജു പിന്താങ്ങുകയും ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം, പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ വിനീത് കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്.
13 അംഗ ഭരണസമിതിയില്‍ ഏഴുപേരുടെ പിന്തുണയില്‍ എല്‍ഡിഎഫ് സ്വതന്ത്രയായിരുന്ന സൗമ്യ ജോബിയായിരുന്നു ആദ്യം പ്രസിഡന്റ്. ധാരണപ്രകാരം ഒരുവര്‍ഷം പൂര്‍ത്തീകരിച്ച് പ്രസിഡന്റ് രാജിവച്ചില്ലെന്നാരോപിച്ച് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതോടെ സൗമ്യയെ യുഡിഎഫ് പിന്തുണച്ചു. പിന്നീട് യുഡിഎഫ് പിന്തുണയോടെ കഴിഞ്ഞമാസംവരെ പ്രസിഡന്റായി തുടര്‍ന്നു.
സൗമ്യ ജോബി രാജിവച്ചതിനു പിന്നാലെയാണ് ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സൗമ്യയുടെ പിന്തുണകൂടി ലഭിച്ചതോടെ നേരത്തെ ആറുപേരുണ്ടായിരുന്ന യുഡിഎഫിന്റെ അംഗബലം ഏഴായി. എല്‍ഡിഎഫിന്റെ പിന്തുണ ആറുപേരിലേക്കു കുറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി രാജപ്പന് റാവുത്തറുടെ നേതൃത്വത്തിലുള്ള കനത്ത പോലീസ് ബന്തവസിലാണ് ഇന്നലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പ്രഫ. പി.ജെ. കുര്യന്റെ സ്വന്തം പഞ്ചായത്തില്‍ കോണ്‍ഗ്രസിനു ഭരണം തിരികെ കിട്ടിയത് പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിന് നിലവിലെ സാഹചര്യത്തില്‍ വലിയ ആശ്വാസമാണ്.
പുറമറ്റത്ത് കോണ്‍ഗ്രസിനു ഭരണം; വിനീത് കുമാര്‍ പ്രസിഡന്റ്
10:39 PM Mar 20, 2023 | Deepika.com