അന്തിമഹാകാളൻകാവ് വേലക്ക് ശനിയാഴ്ച കൂറയിടും
12:52 AM Mar 20, 2023 | Deepika.com
ചേലക്കര: പൊയ്കാളവേലക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേലക്ക് ശനിയാഴ്ച രാത്രി കൂറയിടും. ഓരോ തവണയും തെക്കുംകൂർ വേലയെന്നും വടക്കുംകൂർ വേലയെന്നും മാറി മാറിയാണ് ആഘോഷിക്കുക. തെക്കുംകൂർ വേലക്ക് വട്ടുളളി മല്ലിശേരികാവിന് സമീപമാണ് ചടങ്ങുകൾ നടക്കുക. ഇത്തവണ വടക്കുംകൂർ വേലയായതിനാൽ കടുകശേരി ക്ഷേത്രത്തിനോട് ചേർന്നുള്ള മുല്ലത്തറക്ക് സമീപം ഒരുക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇവിടെ 64 കാൽ പന്തലൊരുക്കി അതിലെ നാലുകാലുള്ള പാട്ടുകൊട്ടിലിന് മുകളിൽ ചുവന്ന പട്ട് വിരിക്കുന്നതാണ് കൂറയിടൽ ചടങ്ങ്. ഇതിനുശേഷം പന്തലിൽ കളമെഴുത്തും ദാരികവധം കളംപാട്ടും ക്ഷേത്രകോമരമെത്തി കളമായ്ക്കൽ ചടങ്ങും നടക്കും. വേലനാൾ വരെ ഇവിടെ കളമെഴുത്തും കളമായ്ക്കൽ ചടങ്ങുമെല്ലാം നടക്കും. കല്ലാറ്റ് കുറുപ്പാണ് കളമെഴുത്ത് പാട്ടിന്റെ അവകാശികൾ. 25നാണ് വേല ആഘോഷം.