എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘത്തിലെ മൂന്നുപേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
അക്കിക്കാവ് സ്വദേശികളായ തട്ടാരംകുന്നത്ത് ഷാഹിദ്, പ്ലാക്കൽ റിഷാദ്, ആന്ത്പറന്പിൽ അൻഷാദ് എന്നിവരെയാണ് എസ്ഐമാരായ ടി.സി. അനുരാജ്, ജയകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി കരിയന്നൂരിലെ കലുങ്ക് പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് നാട്ടുകാർ നിരീക്ഷണം നടത്തിയിരുന്നു.
ഇന്നലെ പുലർച്ചെ ടാങ്കർ ലോറിയിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ടാങ്കർ ലോറി തടയാൻ ശ്രമിച്ചെങ്കിലും സംഘം വാഹനവുമായി കടന്നുകളഞ്ഞു. അമിത വേഗത്തിൽ ചീറിപാഞ്ഞ ടാങ്കർ ലോറിയെ നാട്ടുകാർ മറ്റൊരു കാറിൽ പിന്തുടർന്നെങ്കിലും മാലിന്യ വാഹനത്തിന് എസ്കോർട്ട് പോകുന്ന സംഘം ബൈക്കിലെത്തി കാറ് തടഞ്ഞു. ടാങ്കറിലുണ്ടായിരുന്നവർ മുഖം മറച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ടാങ്കർ ലോറിയുടേയും ബൈക്കിന്റേയും നന്പർ നാട്ടുകാർ പൊലീസിന് നൽകിയിരുന്നു.
നന്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതിന് അക്കിക്കാവ് കേന്ദ്രീകരിച്ച് മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്.
ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍
12:51 AM Mar 20, 2023 | Deepika.com